"ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജനകീയ സെമിനാർ സംഘടിപ്പിക്കും'
1451974
Monday, September 9, 2024 8:06 AM IST
പെരിന്തൽമണ്ണ: ടൗണിലും പരിസരങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജനകീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് താലൂക്ക്സഭാ യോഗത്തിൽ നജീബ് കാന്തപുരം എംഎല്‍എ അറിയിച്ചു. സെമിനാറിൽ ഉയരുന്ന നിര്‍ദേശങ്ങൾ ക്രോഡീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.
ഇതേ വിഷയത്തിൽ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ യോഗം ചേര്‍ന്നതാണ്. എന്നാല്‍, ഔദ്യോഗിക സ്വഭാവത്തോടുകൂടിയുള്ള ഇടപെടല്‍ നടത്തുന്നതിനാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥ- സംഘടനാ പ്രതിനിധികളുമടങ്ങുന്ന ജനകീയ സെമിനാർ നടത്തുന്നത്.
നഗരത്തിലും പരിസരത്തുള്ള ഗതാഗത കുരുക്കിന് പരിഹാരം എന്തെല്ലാമെന്നും, താൽക്കാലികമായി നടപ്പാക്കാനാകുന്ന കാര്യങ്ങളെന്തെന്നും ചര്‍ച്ച ചെയ്യുമെന്ന് എംഎല്‍എ പറഞ്ഞു. പുലാമന്തോള്‍-മേലാറ്റൂര്‍ പാതയുടെ പുനർനിര്‍മാണം വൈകുന്നതും അങ്ങാടിപ്പുറം അടക്കമുള്ള സ്ഥലങ്ങളിലെ ഗതാഗതക്കുരുക്കുമാണ് പെരിന്തല്‍മണ്ണ പട്ടണം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍. ടൗണ്‍ഹാള്‍-കക്കൂത്ത് റോഡ് മൂന്നുകോടി ചെലവില്‍ വീതികൂട്ടി നവീകരിച്ചു. ഓരോ യോഗത്തിലും കഴിഞ്ഞ യോഗത്തിലെ തീരുമാനങ്ങള്‍ എത്രമാത്രം നടപ്പായെന്ന വിലയിരുത്തലിന് സംവിധാനം ഒരുക്കണമെന്നും ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ കാലതാമസം ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പുലാമന്തോള്‍ റോഡുമായി ബന്ധപ്പെട്ട് കരാറുകാര്‍ ഉറപ്പുനല്‍കുകയും ചെറിയതോതില്‍ പണി തുടങ്ങുകയും ചെയ്തെകിലും ഇതില്‍ തൃപ്തനല്ലെന്ന് എംഎൽഎ പറഞ്ഞു. പുലാമന്തോള്‍-കൊളത്തൂര്‍ റോഡില്‍ പൈപ്പിടാന്‍ കുഴിച്ച 1800 മീറ്റര്‍ ഭാഗവും തൂത-ഏലംകുളം റോഡിലെ അരക്കിലോമീറ്ററും നന്നാക്കാനുള്ള ടെന്‍ഡര്‍ ആരും ഏറ്റെടുത്തില്ലെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു.
ഓണക്കാലത്ത് ടൗണിലെ ചെറുറോഡുകളില്‍ പോലീസുമായി ആലോചിച്ച് വണ്‍വേ രീതി ഏര്‍പ്പെടുത്തണമെന്ന് മങ്കട ബ്ലോക്ക് പ്രസിഡന്റ് ടി.അബ്ദുള്‍ കരീം അഭ്യർഥിച്ചു. ലഹരിക്കെതിരേയുള്ള ബോധവത്കരണം സ്കൂളുകളില്‍ കാര്യക്ഷമമാക്കണമെന്ന് എഇഒയ്ക്ക് സമിതി നിര്‍ദേശം നല്കി.
ഉത്സവകാലം കണക്കിലെടുത്ത് നിലമ്പൂരിലേക്ക് ഷൊര്‍ണൂരില്‍ നിന്നും രാത്രി 9.30ന് പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഷിജു എം. സാമുവലിന്റെ നിര്‍ദേശം താലൂക്ക് വികസനസമിതിയുടെ പ്രമേയമായി അംഗീകരിച്ചു.
പെരിന്തല്‍മണ്ണയിലെ റിംഗ് റോഡുകള്‍ പരമാവധി വീതികൂട്ടി നന്നാക്കുകയാണ് ടൗണിലെ ഗതാഗതത്തിരക്ക് കുറയ്ക്കാന്‍ വേഗത്തില്‍ ചെയ്യാവുന്നതെന്ന് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ എ.കെ. മുസ്തഫ താലൂക്ക് സഭയിൽ പറഞ്ഞു.
തഹസീല്‍ദാര്‍ ഹാരിസ് കപ്പൂര്‍, എല്‍എ തഹസീല്‍ദാര്‍ എ. വേണുഗോപാലന്‍, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരന്‍, അംഗങ്ങളായ ഹംസ പാലൂര്, എന്‍.പി ഉണ്ണിക്കൃഷ്ണന്, കൃഷ്ണദാസ് ആല്‍പ്പാറ, സി. സേതുമാധവന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.