"ജപ്തി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വസ്തുവില്‍ നിന്നു കിണര്‍ ഒഴിവാക്കണം'
1451350
Saturday, September 7, 2024 5:02 AM IST
മലപ്പുറം: പെരിന്തല്‍മണ്ണ കാര്‍ഷിക വികസന ബാങ്കില്‍ നിന്നു 14 വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത വായ്പ അടയ്ക്കാത്തതിനെ തുടര്‍ന്ന് ജപ്തി നടപടികളിലേക്ക് പ്രവേശിച്ച വസ്തുവില്‍ നിന്ന് കിണര്‍ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ഇതു സംബന്ധിച്ച് സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് മലപ്പുറം കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
പെരിന്തല്‍മണ്ണ പാതയ്ക്കര രാംനിവാസില്‍ അശോകന്റെ വസ്തുവിലുള്ള കിണര്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. 2018-19ല്‍ എടുത്ത 4,75,000 രൂപയുടെ വായ്പയാണ് കുടിശികയായത്. 2019 ഏപ്രില്‍ മുതലുള്ള ഗഡുക്കള്‍ അടച്ചിട്ടില്ലെന്ന് കളക്ടര്‍ റിപ്പോർട്ടിലൂടെ അറിയിച്ചു. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്നും നബാര്‍ഡില്‍ നിന്നും വായ്പ എടുത്ത് പുനര്‍വായ്പ നല്കുന്ന രീതിയാണ് നിലവിലുള്ളതെന്നും വായ്പക്കാര്‍ വായ്പ അടച്ചില്ലെങ്കിലും ബാങ്കിന് വായ്പ അടയ്ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടു. ബാങ്ക് ജപ്തി ചെയ്യാന്‍ ഉദേശിക്കുന്ന സ്ഥലത്തുള്ള കിണര്‍ ഒഴിവാക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടു. കിണര്‍ ഒഴിവാക്കിയാണ് ജപ്തി നടപടികള്‍ സ്വീകരിക്കുന്നതെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്ക് ഒരിക്കല്‍ കൂടി അറിയിപ്പ് നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.