അങ്ങാടിപ്പുറം പോളിടെക്നിക് ഹോസ്റ്റല്‍ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നു
1451352
Saturday, September 7, 2024 5:02 AM IST
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്തുള്ള ഗവണ്മെന്റ് പോളിടെക്നിക് ബോയ്സ് ഹോസ്റ്റല്‍ കെട്ടിടം പൊളിച്ചുതുടങ്ങി. സുരക്ഷിതമല്ലാത്തതിന്റെ പേരില്‍ നിര്‍ത്തലാക്കിയ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പുതുതായി നിര്‍മിക്കുന്നതിനാണ് പഴയ കെട്ടിടം പൊളിച്ചു നീക്കുന്നത്. 2021 ല്പുതിയ കെട്ടിടം പണിയുന്നതിനു എസ്റ്റിമേറ്റ് തയാറാക്കുന്ന ഘട്ടത്തില്‍ ബോയ്സ് ഹോസ്റ്റല്‍ നിര്‍മിക്കുന്ന സ്ഥലം മാറ്റിയാണ് അധികൃതര്‍ പുതിയ കെട്ടിടത്തിന് അപേക്ഷ നല്‍കിയത്.
എന്നാല്‍ വിദ്യാര്‍ഥി സംഘടനകള്‍ ഇതിനെതിരേ അന്ന് പ്രതിഷേധമുയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് നിലവിലെ പഴയ സ്ഥലത്ത് തന്നെ കെട്ടിടം പണിയാന്‍ തീരുമാനമായത്. ആദ്യഘട്ടമായി എട്ടുകോടി രൂപ ചെലവ് വരുന്ന എസ്റ്റിമേറ്റ് തയാറായി. ഭരണാനുമതിക്കായി എസ്റ്റിമേറ്റ് ഉന്നത വിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്.
150 വിദ്യാര്‍ഥികള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യമാണ് പുതിയ ഹോസ്റ്റലില്‍ വിഭാവനം ചെയ്യുന്നത്. രണ്ട് നിലകളിലുള്ള കെട്ടിടത്തില്‍ 36 മുറികളുണ്ടാകും.
താഴെനിലയില്‍ ഓഫീസ് മുറി, വായനമുറി, റിക്രിയേഷന്‍ റൂം, അടുക്കള, ഭക്ഷണശാല, സിക്ക് റൂം, വാര്‍ഡനും മറ്റ് സ്റ്റാഫുകള്‍ക്കും താമസസൗകര്യം തുടങ്ങിയവയുണ്ടാകും. ശൗചാലയങ്ങളും ഒരുക്കും.
കാലപ്പഴക്കത്താല്‍ നിലവിലെ കെട്ടിടം ഉപയോഗിക്കാനാകില്ലെന്ന് പൊതുമരാമത്ത് വിഭാഗം ആറുവര്‍ഷം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് ഹോസ്റ്റല്‍ അടച്ചുപൂട്ടിയതാണ്. പുതിയ കെട്ടിടം വരുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും. ഉയര്‍ന്ന വാടക നല്കി വിവിധ സ്ഥലങ്ങളിലാണ് ദൂരസ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ താമസിക്കുന്നത്.