"വനസംരക്ഷണ വിഭാഗം ജീവനക്കാരുടെ ഡ്യൂട്ടി റെസ്റ്റ് ഒഴിവാക്കാൻ ആസൂത്രിത നീക്കം'
1451570
Sunday, September 8, 2024 5:17 AM IST
നിലമ്പൂർ: വനസംരക്ഷണ വിഭാഗം ജീവനക്കാരുടെ ഡ്യൂട്ടി റെസ്റ്റ് ഒഴിവാക്കാൻ ആസൂത്രിത നീക്കമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ്അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. എ. സേതുമാധവൻ. കെഎഫ്പിഎസ്എ ജില്ലാ കമ്മിറ്റി നിലമ്പൂർ വനം കാര്യാലയത്തിന്റെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഒ. ജെ. സെബാസ്റ്റ്യൻ അനുസ്മരണവും അർധവാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനം ഓഫീസുകളിൽ ആറ് ദിവസം തുടർച്ചയായി ജോലി ചെയ്യുന്ന വനസംരക്ഷണ വിഭാഗം ജീവനക്കാർക്ക് മൂന്ന് ദിവസം ഡ്യൂട്ടി റെസ്റ്റ് അനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിച്ചു വരുന്നുണ്ട്.
എന്നാൽ ഉത്തരവിന് ആറ്മാസമാണ് കാലവധി എന്ന നിലയിൽ ചില ഉന്നതവനം ഉദ്യോഗസ്ഥർ ജീവനക്കാരുടെ ആനുകൂല്യം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. മൂന്ന് മാസത്തേക്ക് കൂടി ഉത്തരവ് പുതുക്കിയിട്ടുണ്ട്, ഇത് സംബന്ധിച്ചുള്ള സർക്കുലറിൽ ഒരു മാസം എന്നാക്കിയതിലും സംസ്ഥാന പ്രസിഡന്റ് പ്രതിഷേധം അറിയിച്ചു. ജില്ലാ പ്രസിഡന്റ് പി. എൻ. സജീവൻ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി കെ. ഡി. ആന്റണി, ഒ. ജെ. സെബാസ്റ്റ്യൻ അനുസ്മരണം നടത്തി.
നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ, നിലമ്പൂർ റേഞ്ച് ഓഫിസർ കെ .ജി. അൻവർ, ഭാരവാഹികളായ ജയന്ത് കുമാർ, മുഹമ്മദ് ഫൈസൽ, സംസ്ഥാന ട്രഷറർ കെ. ബീരാൻ കുട്ടി, സംസ്ഥാന ഭാരവാഹികളായ പി. എം. ശ്രീജിത്ത്, കെ. ബിജു, കെ. മുഹമ്മദാലി, എ. കെ. രമേശൻ, പി.പ്രമോദ് കുമാർ, ടെൽസൺ എം. തോമസ് എന്നിവർ പ്രസംഗിച്ചു.
എംബിബിഎസ് വിജയിച്ച കുട്ടികൾ, രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ വനപാലകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു, ഒ.ജെ.സെബാസ്റ്റ്യൻ മെമ്മോറിയൽ ക്യാഷ് അവാർഡും വിതരണം ചെയ്തു.