മ​ഞ്ചം​പാ​റ ഗ​വ. എ​ല്‍​പി​എ​സി​ലെ കു​ട്ടി​ക​ള്‍​ക്ക് ന​ട​ക്കാ​ന്‍ വ​ഴി​യി​ല്ല; ര​ക്ഷി​താ​ക്ക​ള്‍ പ്രതിഷേധത്തിൽ
Tuesday, September 24, 2024 6:32 AM IST
പേ​രൂ​ര്‍​ക്ക​ട: കാ​ച്ചാ​ണി വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന മ​ഞ്ചം​പാ​റ ഗ​വ. എ​ല്‍പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ക്ലാ​സ് മു​റി​ക​ളി​ലെ​ത്ത​ണ​മെ​ങ്കി​ല്‍ സ​ര്‍​ക്ക​സ് അ​ഭ്യ​സി​ക്ക​ണം..! സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന സ​മ​യ​മാ​യി​ട്ടും ഓ​ട​യു​ടെ പ​ണി പി​ഡ​ബ്ല്യു​ഡി പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​താ​ണ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ഇ​രു​ട്ട​ടി​യാ​യ​ത്.

മ​ഞ്ചം​പാ​റ സ്‌​കൂ​ളി​ല്‍ 83 വി​ദ്യാ​ര്‍​ഥിക​ളാ​ണ് ഉ​ള്ള​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന് എ​ത്തി​ച്ചേ​രു​ന്ന​വ​രാ​ണ് ഇ​വ​ര്‍. മ​ല​മു​ക​ള്‍ ഭാ​ഗ​ത്തു​നി​ന്ന് ഓ​ട​യു​ടെ പ​ണി ന​ട​ന്നു​വ​രു​ന്ന​താ​ണ് വി​ദ്യാ​ര്‍​ഥി ക​ളെ വ​ല​യ്ക്കു​ന്ന​ത്. സ്‌​കൂ​ളി​നു സ​മീ​പ​ത്തു​കൂ​ടി​യു​ള്ള ഓ​ട​യു​ടെ പ​ണി മൂ​ന്നാ​ഴ്ചമു​മ്പ് ആ​രം​ഭി​ച്ച​താ​ണ്. ഓണാവധി കഴിഞ്ഞു സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന സ​മ​യ​മാ​യി​ട്ടും ഇ​വ​ര്‍​ക്ക് താ​ല്‍​ക്കാ​ലി​കവ​ഴി ഒരുക്കാൻപോ​ലും അ​ധി​കൃ​ത​ര്‍​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. ഓ​ട​യെ മു​റി​ച്ചു​ക​ട​ന്നു വി​ദ്യാ​ര്‍​ഥിക​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ടം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യത​യു​ള്ള ഒ​രു ഇ​രു​മ്പു​പ​ല​ക മ​റി​ക​ട​ന്നാ​ണ്.​


അവധി കഴിഞ്ഞു സ്‌​കൂ​ള്‍ തു​റ​ന്ന ദി​വ​സ​മാ​യ ഇ​ന്ന​ലെ വി​ദ്യാ​ര്‍​ഥിക​ളെ​ല്ലാം വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് സ്‌​കൂ​ളി​ലെ​ത്തി​യ​ത്. സ്‌​കൂ​ള്‍ പരിസരമാണെങ്കിൽ മ​ഴ​പെ​യ്ത് ച​ളി​മു​ങ്ങി കി​ട​ക്കു​ക​യാ​ണ്. ഇങ്ങനെ ദു​രി​ത​ങ്ങ​ള്‍ താ​ണ്ടി​വേ​ണം വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ക്ലാ​സ്മു​റി​ക​ളി​ല്‍ എ​ത്താ​ന്‍. ഒ​രാ​ഴ്ച​യെ​ങ്കി​ലും ക​ഴി​യാ​തെ ഓ​ട​യു​ടെ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഓ​ട​യു​ടെ പ​ണി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ല്‍ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ള്‍​ക്ക് ഇ​ത്ത​ര​മൊ​രു ദു​ര്‍​ഗ​തി ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നു ര​ക്ഷി​താ​ക്ക​ളും ഒ​രേ​സ്വ​ര​ത്തി​ല്‍ പ​റ​യു​ന്നു.