പേരൂര്‍ക്കട: നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കുടപ്പനക്കുന്ന് പാതിരിപ്പള്ളി ഇളയമ്പള്ളി പുതുവല്‍ പുത്തന്‍ വീട്ടില്‍ സുനില്‍കുമാര്‍ (31) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടുകൂടി നാലാഞ്ചിറ കോട്ടമുകള്‍ റോഡിലായിരുന്നു അപകടം.
പെയിന്റിംഗ് തൊഴിലാളിയായ സുനില്‍കുമാര്‍ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെ നിയന്ത്രണംവിട്ട വാഹനം കോട്ടമുകളിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്കില്‍ നിന്നു തെറിച്ചുവീണ സുനില്‍കുമാര്‍ സമീപത്തെ തൂണില്‍ ചെന്നിടിച്ചു. ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അവിവാഹിതനാണ്.