തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതോടെ കേരളത്തിലെ സ്കൂളുകളെ ആര്‍എസ്എസ് ശാഖകളാക്കിമാറ്റാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സിപിഎമ്മിന്റെയും ബിജെപിയുടെയും രഹസ്യ ബന്ധത്തിന്റെ ഫലമായാണ് കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഘടകകക്ഷി മന്ത്രിമാരും സിപിഎം മന്ത്രിമാരും ഈ ധാരണപത്രത്തെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നത് തന്നെ വലിയ ഗതികേടാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലെന്നതിന് ഏറ്റവും വലിയ തെളിവാണിത്. മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യങ്ങൾക്കാണ് സംസ്ഥാന താത്പര്യത്തേക്കാൾ മുൻഗണന നൽകുന്നത്.
അതിനാലാണ് കേരളവും അതീവരഹസ്യമായി പിഎം ശ്രീയുടെ ഭാഗമായതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. പിഎം ശ്രീ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ നിയമപോരാട്ടം നടത്താമെന്ന മന്ത്രിസഭാ തീരുമാനം പോലും അട്ടിമറിക്കാൻ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
പദ്ധതി ആരംഭിച്ചത് മുതൽ ശക്തമായി എതിർത്തിരുന്ന പിണറായി സർക്കാർ ധൃതിപിടിച്ച് അതിന്റെ ഭാഗമായത് മുഖ്യമന്ത്രി ഈ മാസം പത്തിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്. എന്ത് ഡീലാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉണ്ടാക്കിയതെന്ന് അറിയാൻ കേരളത്തിന് അവകാശമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
Tags : pmshri scheme sunny joseph