ആറന്മുള: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റീസ് കെ.ടി. ശങ്കരന് ആറന്മുളയിലെ സ്ട്രോംഗ് റൂമില്‍ പരിശോധന ആരംഭിച്ചു.
ഇന്നലെ രാവിലെ പത്തോടെയാണ് ജസ്റ്റീസ് കെ.ടി. ശങ്കരൻ ആറന്മുള ക്ഷേത്രത്തോടു ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന സ്ട്രോംഗ് റൂം പരിശോധിക്കാനെത്തിയത്. ശബരിമലയിലെ സ്വർണത്തിന്റെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ സന്നിധാനത്തു നടത്തിയ പരിശോധനയുടെ തുടർച്ചയാണ് ആറന്മുളയിലും നടന്നത്.
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം അപഹരിക്കപ്പെട്ടതായുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജസ്റ്റീസ് കെ.ടി. ശങ്കരനെ അമിക്കസ്ക്യൂറി യായി നിയോഗിച്ചത്. തുലാമാസ പൂജകള്‍ ആരംഭിക്കുന്നതിന് മുമ്പായി ശബരിമലയിലെ താത്കാലിക സ്ട്രോംഗ് റൂമില്‍ പരിശോധന ആരംഭിച്ചിരുന്നു.
തുലാമാസ പൂജകള്‍ ആരംഭിച്ചപ്പോള്‍ നിര്‍ത്തിവച്ച ശബരിമലയിലെ പരിശോധന ഇന്നലെ പൂര്‍ത്തിയാക്കിയ ശേഷമാണ് അമിക്കസ് ക്യൂറി ആറന്മുളയിലെത്തിയത്. തിരുവാഭരണങ്ങളും ശബരിമലയിൽ വഴിപാടുകാര്‍ സമര്‍പ്പിച്ച സ്വർണം, വെള്ളി, ചെമ്പ് ഉരുപ്പടികളും പൂജാ പാത്രങ്ങളും സൂക്ഷിക്കുന്ന പ്രധാന സ്ട്രോംഗ് റൂമിലാണ് പരിശോധന നടന്നത്.
തിരുവാഭരണം കമ്മീഷണർ ആർ. റെജിലാൽ, ദേവസ്വം സ്മിത്ത്, ഹൈക്കോടതി നിയോഗിച്ച സ്മിത്ത്, വിജിലൻസ് എസ്പി ഡി. സുനിൽകുമാർ എന്നിവർക്കൊപ്പമായിരുന്നു പരിശോധനകൾ.
ആറന്മുള ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന 58 പവൻ സ്വർണാഭരണങ്ങൾ കാണാതായെന്ന് കഴിഞ്ഞയിടെ ഒരു ഭക്തൻ ആക്ഷേപം ഉന്നയിച്ചിരുന്നു.
ആറന്മുളയിലെ സ്ട്രോംഗ് റൂമിലെ രജിസ്റ്ററുകൾ, മഹസറുകൾ ഇവയും സ്റ്റോക്കുമായി ഒത്തുനോക്കിയായിരുന്നു പരിശോധന. പ്രത്യേക പട്ടിക തയാറാക്കി മൂല്യവും തൂക്കവും രേഖപ്പെടുത്തി.
പരിശോധന പൂർത്തിയാക്കിയ ശേഷം ജസ്റ്റീസ് കെ.ടി. ശങ്കരൻ ഹൈക്കോടതിക്കു റിപ്പോർട്ട് നൽകും.