കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയില്‍ സംഘടിപ്പിച്ച ബഹുജന സംഗമം പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസ
കോട്ടയം: വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജൻഡ നടപ്പാക്കാൻ മതേതര കേരളം അനുവദിക്കില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്.
സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനക്കര ബസ്സ്റ്റാൻഡ് മൈതാനിയിൽ ചേർന്ന ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭയിലോ ഇടതുമുന്നണിയിലൊ ആലോചിക്കാതെ തീരുമാനമെടുത്തത് ദുരൂഹമാണ്.
ഘടകകക്ഷി മന്ത്രിമാരെ ഇരുട്ടിൽ നിർത്തി വിദ്യാഭ്യാസ രംഗത്തെ വർഗീയവത്കരിക്കുന്നതിൽ സിപിഐ പ്രകടിപ്പിച്ച ആശങ്ക ഗൗരവതരമാണ്. ഇടതുമുന്നണിയിൽ ജോസ് കെ. മാണി മാത്രമാണ് പിഎം ശ്രീ പദ്ധതിയെപ്പറ്റി പഠിക്കാതെ സ്വാഗതം ചെയ്തത്.
വന്യജീവി ശല്യം, പട്ടയ പ്രശ്നങ്ങൾ, കാർഷിക മേഖലയുടെ തകർച്ച , ശമ്പളമില്ലാത്ത അധ്യാപകരുടെ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടതുസർക്കാർ വൻ പരാജയമാണ്. ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ശബരിമലയിലെ സ്വർണക്കൊള്ള ഉൾപ്പെടെയുളള അഴിമതി ഭരണത്തിനുമെതിരേ തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
ബഹുജന സംഗമത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജനറൽ ജോയി ഏബ്രാഹാം, ഡപ്യൂട്ടി ചെയർമാൻമാരായ ഷെവ. ടി.യു. കുരുവിള, ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ഇ.ജെ. ആഗസ്തി, ജോസഫ് എം. പുതുശേരി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : P.J. Joseph Communal agenda