വത്തിക്കാൻ സിറ്റി: വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ കത്തോലിക്കാവിദ്യാഭ്യാസത്തിന്റെ സ്വർഗീയമധ്യസ്ഥനായി പ്രഖ്യാപിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ തീരുമാനിച്ചു.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ക്രിസ്തീയവിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രഖ്യാപനമായ ‘ഗ്രാവിസിമും എഡ്യുക്കാ സ്യോനിസി’ന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് നാളെയാണ് മാർപാപ്പ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ഇതുസംബന്ധിച്ച പ്രത്യേക രേഖയും മാർപാപ്പ പുറത്തിറക്കും.
ക്രിസ്തീയവിദ്യാഭ്യാസം സംബന്ധിച്ച കൗൺസിൽ പ്രഖ്യാപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാഭ്യാസമേഖല, പ്രത്യേകിച്ച് കത്തോലിക്കാ സ്കൂളുകളും യൂണിവേഴ്സിറ്റികളും ഇന്നു നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുമായിരിക്കും ലെയോ മാർപാപ്പയുടെ രേഖ. ആഗോള വിദ്യാഭ്യാസ ജൂബിലിയുടെ സമാപനദിനമായ നവംബർ ഒന്നിന് വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ സഭയുടെ 38-ാമത്തെ വേദപാരംഗതനായും മാർപാപ്പ പ്രഖ്യാപിക്കും.
2025 പ്രത്യാശയുടെ ജൂബിലിവർഷാചരണത്തിന്റെ ഭാഗമായുള്ള ആഗോള വിദ്യാഭ്യാസ ജൂബിലി ഇന്നുമുതൽ നവംബർ ഒന്നുവരെ റോമിലും വത്തിക്കാനിലുമായി നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 20,000 പേർ പങ്കെടുക്കും.
വത്തിക്കാന്റെ കണക്കുകൾപ്രകാരം ലോകമെമ്പാടുമുള്ള 171 രാജ്യങ്ങളിലായി 230,000 കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 7.2 കോടി വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സേവനം നൽകുന്നു.
Tags : John Henry Newman