ടുണിസ്: ടുണീഷ്യൻ തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി കുട്ടികളുൾപ്പെടെ 40 പേർ മരിച്ചു. 70 അഭയാർഥികൾ സഞ്ചരിച്ച ബോട്ടാണ് കഴിഞ്ഞ ദിവസം സെൻട്രൽ ടുണീഷ്യയിലെ മെഡിറ്ററേനിയൻ തുറമുഖ നഗരമായ മാഹ്ദിയയ്ക്കു സമീപം കടലിൽ മുങ്ങിയത്. 30 പേരെ രക്ഷപ്പെടുത്തി.
വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് അനധികൃതമായി യൂറോപ്പിലേക്ക് പുറപ്പെട്ടവരാണ് ദുരന്തത്തിൽപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ടുഷീഷ്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ടുണീഷ്യൻ നഗരമായ സ്വാഫ്ക്സിനു സമീപം സുഡാനിൽനിന്നുള്ള അഭയാർഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മുങ്ങി 40 പേർ മരിച്ചിരുന്നു.
യൂറോപ്പിലേക്ക് അനധികൃതമായി കടക്കുന്നതിനിടെ ബോട്ടുകൾ കടലിൽ മുങ്ങി 2023ൽ മാത്രം ആഫ്രിക്കയിൽനിന്നുള്ള 2000 അഭയാർഥികളാണു മരിച്ചത്. 60,000 പേരെ പിടികൂടി തിരിച്ചയച്ചതായും യുഎൻ റിപ്പോർട്ടിലുണ്ട്.
അനധികൃത കുടിയേറ്റം തടയാൻ 2023ൽ ടുണീഷ്യയുമായി യൂറോപ്യൻ യൂണിയൻ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. അതിർത്തി സുരക്ഷ ശക്തമാക്കാനും കള്ളക്കടത്ത് തടയാനും അഭയാർഥികളെ തിരിച്ചയയ്ക്കാനും 90 ദശലക്ഷം യൂറോ ടുണീഷ്യക്കു നൽകുന്നതാണ് കരാർ.
Tags : Tunisian coast boat sinks