വാഷിംഗ്ടൺ ഡിസി: വെനസ്വേലയ്ക്കു സമീപം സൈനികവിന്യാസം ശക്തിപ്പെടുത്തുന്ന അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിയെ കരീബിയൻ മേഖലയിലേക്ക് അയച്ചു. അമേരിക്ക കൃത്രിമമായി പുതിയ യുദ്ധം സൃഷ്ടിക്കുകയാണെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ആരോപിച്ചു.
മയക്കുമരുന്നു കടത്തൽ തടയാനെന്ന പേരിൽ അമേരിക്കൻ സേന വെനസ്വേലൻ തീരത്ത് ബോട്ടുകൾക്കു നേരേ ആക്രമണം തുടരുന്നതിനിടെയാണ് പുതിയ നീക്കം. കടൽ ആക്രമണത്തിനു പുറമേ വെനസ്വേലയ്ക്കുള്ളിലും ആക്രമണം നടത്താനായിരിക്കാം അമേരിക്കൻ പദ്ധതിയെന്നു സൂചനയുണ്ട്.
ജെറാൾഡ് ഫോർഡ് കപ്പലിന് 90 യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുണ്ട്. എഫ് 35 അടക്കമുള്ള യുദ്ധവിമാനങ്ങളെയും മറ്റു യുദ്ധക്കപ്പലുകളെയും നേരത്തേതന്നെ മേഖലയിൽ വിന്യസിച്ചിരുന്നു.
മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്കു നേർക്ക് എന്നു പറഞ്ഞ് അമേരിക്കൻ സേന ഇതുവരെ പത്ത് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ കൊല്ലപ്പെട്ടവർ നാർക്കോ തീവ്രവാദികളാണെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്നു. വെള്ളിയാഴ്ച ആയിരുന്നു അവസാനത്തെ ആക്രമണം.
അമേരിക്കയിലേക്ക് മയക്കുമരുന്ന് എത്തുന്നതിൽ വെനസ്വേലയ്ക്ക് നാമമാത്ര പങ്കേയുള്ളൂ. വെനസ്വേലൻ പ്രസിഡന്റ് മഡുറോയെ സ്ഥാനഭ്രഷ്ടനാക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന ആരോപണമുണ്ട്.
ചാരസംഘടനയായ സിഐഎയ്ക്ക് വെനസ്വേലയിൽ രഹസ്യ ഓപ്പറേഷന് അനുമതി നല്കിയതായി ട്രംപ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. മയക്കുമരുന്ന് കടത്തുകാർക്കെതിരായ ഓപ്പറേഷന്റെ ഭാഗമായി വെനസ്വേലയിൽ കരയാക്രമണം നടത്താനും പദ്ധതിയുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ മഡുറോ വീണ്ടും വെനസ്വേലൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്ക അംഗീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ വലിയ തോതിൽ കൃത്രിമത്വം നടന്നുവെന്ന് അമേരിക്കയും പാശ്ചാത്യശക്തികളും ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പേരിൽ മഡുറോയ്ക്കും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥർക്കും എതിരേ അമേരിക്കയിൽ കേസുണ്ട്. മഡുറോയുടെ അറസ്റ്റിന് സഹായിക്കുന്നവർക്ക് അഞ്ചു കോടി ഡോളർ പാരിതോഷികം അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.
Tags : Maduro US aircraft carrier Venezuela war