Editorial Audio
ദേശീയ വിദ്യാഭ്യാസനയം (എൻഇപി) നടത്തിപ്പിനുള്ള പിഎം ശ്രീ പദ്ധതി രണ്ടു തലത്തിലാണ് വിവാദമായിരിക്കുന്നത്. ഒന്ന്: പ്രാഥമിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടെ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു എന്ന ആരോപണം. രണ്ട്: അതിനെ എതിർക്കാൻ മുന്നിലുണ്ടായിരുന്ന ഇടതു സർക്കാർ, പാർട്ടിയിലോ മുന്നണിയിലോ അംഗീകാരം വാങ്ങാതെ ധാരണാപത്രത്തിൽ ഒപ്പിട്ടു.
മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് ഒരാഴ്ചയ്ക്കുള്ളിൽ, പറഞ്ഞതെല്ലാം വിഴുങ്ങി ഒപ്പിടാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്, മുഖ്യമന്ത്രിയുടെയും മക്കളുടെയും പേരിലുള്ള അഴിമതിയാരോപണങ്ങളിൽനിന്നു രക്ഷപ്പെടാനാണെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇതോടെ, സിപിഎം ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐയും എസ്എഫ്ഐയുമൊക്കെ ന്യായീകരണ മൂഡിലായി. 1,466 കോടി രൂപ കിട്ടുമെന്നും സംഘപരിവാർ അജണ്ടയൊന്നും നടപ്പാക്കണമെന്ന നിർബന്ധമില്ലന്നുമാണ് ഇപ്പോഴത്തെ ന്യായം.
കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാറും പറഞ്ഞിരിക്കുന്നത്, കേന്ദ്രസിലബസ് നിർബന്ധമല്ല എന്നാണ്. പക്ഷേ, പിഎം ശ്രീയുടെ ലക്ഷ്യംതന്നെ എൻഇപിയുടെ നടപ്പാക്കലാണെന്നിരിക്കെ ഇത്തരം ഭാഷ്യങ്ങളുടെ ഭാവിയെന്തെന്ന് ആർക്കും ഒരുറപ്പുമില്ല. ഇക്കാര്യത്തിൽ ഒന്നര വർഷം മുന്‍പേ ധാരണയായിരുന്നെന്ന സഞ്ജയ് കുമാറിന്റെ വെളിപ്പെടുത്തൽ ശരിയാണെങ്കിൽ സിപിഎം-ബിജെപി രഹസ്യബാന്ധവം കെട്ടുകഥയല്ലാതാകും. പിഎം ശ്രീ, സിഎം ശ്രീയാകുകയാണോ?
ഇനി പദ്ധതിയെക്കുറിച്ചു പറയാം. 2020ല്‍ കേന്ദ്രം പ്രഖ്യാപിച്ച എൻഇപിയുടെ ഭാഗമായി 2022 സെപ്റ്റംബര്‍ ഏഴിന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ പിഎം ശ്രീ. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനമാണു ലക്ഷ്യം. നിലവിൽ കേരളത്തിലെ ജവഹർ നവോദയ വിദ്യാലയങ്ങളും കേന്ദ്രീയ വിദ്യാലയങ്ങളുമായി 47 സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമാണ്.
സംസ്ഥാന സർക്കാരിന്റെ സ്കൂളുകളെ ഉൾപ്പെടുത്തണോ എന്നതു മാത്രമാണ് വിഷയം. അഞ്ചു വർഷത്തേക്കുള്ള പദ്ധതിക്കായി 27,360 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേടുപാടുകള്‍ ഇല്ലാത്ത സ്കൂള്‍ കെട്ടിടം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലെറ്റ്, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് റാമ്പുകള്‍, വിദ്യാർഥികളുടെയും അധ്യാപകരുടെയം നിശ്ചിത നിലവാരം തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള സ്കൂളുകളെയാണ് തെരഞ്ഞെടുക്കുന്നത്. പദ്ധതിച്ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം.
ഒരു സ്കൂളിന് പരമാവധി ലഭിക്കുക 1.13 കോടി രൂപയായിരിക്കും. എൻഇപി നടപ്പാക്കുകയും സ്കൂളിന്റെ പേരിനു മുന്നിലായി പിഎം ശ്രീ എന്ന് ചേര്‍ക്കുകയും പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുകയും വേണം. എന്‍സിഇആര്‍ടി സിലബസ് ആയിരിക്കും നടപ്പിലാക്കുക. വിദ്യാഭ്യാസരംഗത്ത് ക്രിയാത്മക മുന്നേറ്റത്തിനു വഴിതെളിക്കുന്നതാണ് മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം. പക്ഷേ, പാഠ്യപദ്ധതികളിൽ ഉൾപ്പെടെ ചരിത്ര അപനിർമിതിയിലൂടെ സംഘപരിവാർ ഭാഷ്യങ്ങൾ കുത്തിത്തിരുകിയിട്ടുള്ള ബിജെപി, പിഎം ശ്രീയിൽ അതിനു ശ്രമിക്കില്ലെന്ന് വിശ്വസിക്കാനാകില്ല.
വിവാദത്തിലേക്കു തിരിച്ചുവരാം. ഹിന്ദുത്വവത്കരണമാണ് ലക്ഷ്യമെന്നു പറഞ്ഞ് ഇതിനെ തുടക്കം മുതൽ വിമർശിക്കുന്നതിൽ മുന്നിലുണ്ടായിരുന്നത് ഇടതുപക്ഷമായിരുന്നു. വിദ്യാഭ്യാസത്തിലും ചരിത്രത്തിലും കാവിവത്കരണം നടപ്പാക്കുമെന്നതായിരുന്നു പ്രധാന ആക്ഷേപം. എൻഇപിയിലെ ഹിന്ദിക്കും സംസ്കൃതത്തിനും പ്രാധാന്യം നല്കുന്ന ത്രിഭാഷാ നയത്തിനെതിരേയാണ് തമിഴ്നാട് രംഗത്തെത്തിയത്. ഇതിന്റെ പേരിൽ അവർക്കും എസ്എസ്എ (സർവ ശിക്ഷാ അഭിയാൻ) ഫണ്ട് തടഞ്ഞെങ്കിലും സുപ്രീംകോടതിയെ സമീപിച്ചതോടെ കുടിശികയിൽ ഒരു വിഹിതം നൽകാൻ കേന്ദ്രം നിർബന്ധിതമായി. കോടതിവിധി വരാനിരിക്കുന്നതേയുള്ളൂ.
കേരളവും സുപ്രീംകോടതിയെ സമീപിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പോയില്ല. ഇതിനിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ പിഎം ശ്രീയിൽ സംസ്ഥാനം ഒപ്പിടുകയും ചെയ്തു. ഇതോടെ, പശ്ചിമബംഗാളും തമിഴ്നാടും ഒഴികെ കോൺഗ്രസ് ഭരിക്കുന്നത് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും പദ്ധയിൽ ചേർന്നു.
സ്വന്തം നിലപാടുകളെയും ഇടതു താത്പര്യങ്ങളെയും വിഴുങ്ങിക്കൊണ്ട് എൻഇപി കരിക്കുലം നടപ്പാക്കുന്നത് നിർബന്ധമല്ലെന്ന പുതിയ വെളിപാടുമായി സിപിഎം എത്തിയിരിക്കുകയാണ്. അപ്പോൾ സ്വാഭാവികമായും ചോദ്യങ്ങളുണ്ടാകും. ഇത്രനാൾ കാവിവത്കരണത്തെക്കുറിച്ചു പറഞ്ഞത് കാര്യങ്ങൾ പഠിക്കാതെയാണോ? കരിക്കുലത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിനു തീരുമാനം എടുക്കാമെങ്കിൽ മുന്നണിയിലുള്ളവർ അറിയാതെ ഒളിച്ച് ഒപ്പിടാൻ പോയതെന്തിന്? സംഘപരിവാർ അജൻഡയ്ക്കു വഴങ്ങാതെ മുന്നോട്ടു പോകാനാകാത്തവിധം ഇടതു പ്രത്യയശാസ്ത്രം ദുർബലമായോ?
കടുത്ത സാന്പത്തിക തകർച്ചയിലാണോ സംസ്ഥാനം? മുഖ്യന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഈ വിഷയത്തിലല്ലെങ്കിൽ മറ്റെന്തിനായിരുന്നു? പ്രതിപക്ഷം ഉൾപ്പെടെ ആരോപിക്കുന്ന ബിജെപി-സിപിഎം ബാന്ധവത്തിന് മുഖ്യമന്ത്രിയാണോ ചരടു വലിക്കുന്നത്? ആ ബാന്ധവം സിപിഐയുടെ എതിർപ്പിനെപ്പോലും അവഗണിക്കാൻ തക്കവിധം ശക്തമാണോ? ഈ ബന്ധം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീളുമോ? ബിജെപിയുടെ കോൺഗ്രസ് മുക്ത കേരള താത്പര്യത്തെ സിപിഎം സഹായിക്കുന്നുണ്ടോ?.... പിഎം ശ്രീ നിരവധി ചോദ്യങ്ങളെ സജീവമാക്കിയിരിക്കുകയാണ്.
ഇതെന്തു സർക്കാരാണെന്നോ സഖ്യകക്ഷികളെയും ജനത്തെയും ഇരുട്ടിലാക്കിയെന്നോ ഒന്നും ചോദിക്കുന്നതിൽ അർഥമില്ല. ഇരട്ടത്താപ്പു രാഷ്ട്രീയം ജനത്തെ പണ്ടേ ഇരുട്ടിലാക്കിക്കഴിഞ്ഞു. പിഎം ശ്രീ അതിൽ പുതിയതു മാത്രമാണ്. പദ്ധതിയുടെ ഗുണഗണങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടും. പക്ഷേ, അതിനുവേണ്ടി തലയിൽ മുണ്ടിട്ടു പോയത് എന്തിനാണെന്നു സിപിഎം പറയാതെ അറിയില്ല.
Tags : pmshri