സുൽത്താൻ ബത്തേരി: നഗരസഭ, പൾസ് കേരള അക്കാദമി ഓഫ് എൻജിനിയറിംഗ്, പ്രസ് ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രഫഷണൽ നാടകമേളയ്ക്ക് ഇന്ന് മുനിസിപ്പൽ ടൗണ്‍ഹാളിൽ തിരശീല ഉയരും.
വൈകുന്നേരം 6.45ന് അരങ്ങേറുന്ന കോഴിക്കോട് സങ്കീർത്തനയുടെ "കാലം പറക്കണ്’ എന്ന നാടകത്തോടെയാണ് നവംബർ 20 വരെ നീളുന്ന മേളയ്ക്ക് തുടക്കമെന്ന് കേരള അക്കാദമി ഓഫ് എൻജിനിയറിംഗ് മാനേജിംഗ് ഡയറക്ടർ ജേക്കബ് സി. വർക്കി, വൈസ് പ്രിൻസിപ്പൽ രതീഷ്കുമാർ, മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, പ്രസ് ക്ലബ് പ്രസിഡന്റ് മധു നടേഷ്, കേരള അക്കാദമി സ്റ്റുഡന്റ്സ് ചെയർമാൻ മുഹമ്മദ് അനസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ പ്രഫഷണൽ ഗ്രൂപ്പുകളിൽനിന്നു തെരഞ്ഞെടുത്ത 10 നാടകങ്ങളുടെ അവതരണമാണ് മേളയിൽ ഉണ്ടാകുക. 29ന് തിരുവനന്തപുരം അജന്തയുടെ "വംശം’, നവംബർ ഒന്നിന് കോഴിക്കോട് സൃഷ്ടിയുടെ "നേർക്കുനേർ', മൂന്നിന് തൃശൂർ സദ്ഗമയുടെ "സൈറണ്‍’, ഏഴിന് വള്ളുവനാട് ബ്രഹ്മയുടെ "പകലിൽ മറഞ്ഞിരുന്നൊരാൾ’,
പത്തിന് അന്പലപ്പുഴ സാരഥിയുടെ "നവജാതശിശു വയസ് 84’, 12ന് കാഞ്ഞിരപ്പള്ളി അമലയുടെ "ഒറ്റ’, 14ന് തിരുവനന്തപുരം നവോദയയുടെ "സുകുമാരി’, 18ന് കൊല്ലം അനശ്വരയുടെ "ആകാശത്ത് ഒരു കടൽ’, 20ന് കായംകുളം പീപ്പിൾസ് തിയറ്റേഴ്സിന്റെ "അങ്ങാടിക്കുരുവികൾ’ എന്നിവ അരങ്ങേറും. മേളയ്ക്ക് ഒരുക്കം പൂർത്തിയായതായി സംഘാടകർ പറഞ്ഞു.
Tags : Sultan Bathery Professional Drama