ഗോഹട്ടി: ഐസിസി വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 320 റണ്‍സ് വിജയലക്ഷ്യം. ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ തകർപ്പൻ ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്കയെ മികച്ച നിലയിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 319 റണ്‍സെടുത്തു. ഓപ്പണറായി കളത്തിലിറങ്ങിയ ലോറ തകർപ്പൻ സെഞ്ചുറിയുമായി കളം നിറഞ്ഞു. 143 പന്തുകൾ നേരിട്ട ലോറ നാല് സിക്സും 20 ഫോറും ഉൾപ്പെടെ 169 റണ്‍സെടുത്താണ് മടങ്ങിയത്.
ഓപ്പണറായ തസ്മിൻ ബ്രിട്ട്സും മികച്ച പ്രകടനം കാഴ്ചവച്ചു. 65 പന്തിൽ 45 റണ്‍സെടുത്താണ് ബ്രിട്ട്സ് കളംവിട്ടത്. ഇരുവരും ചേർന്ന് 116 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തുയർത്തത്. മരിസാൻ കാപ് 42 റണ്‍സും ക്ലോ ട്രയോണ്‍ പുറത്താകാതെ 33 റണ്‍സും നേടി.
ഇംഗ്ലണ്ടിനായ സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. ലോറൻ ബെൽ രണ്ട് വിക്കറ്റും നേടി.