പാലക്കാട്: മാത്തൂര്‍ പല്ലഞ്ചാത്തനൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പല്ലഞ്ചാത്തനൂര്‍ പൊള്ളംപാടം വീട്ടില്‍ ഇന്ദിര(55)യെയാണ് ഭര്‍ത്താവ് വാസു(62) കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
അയല്‍വാസിയായ രാജനാണ് നിലവിളി കേട്ട് ആദ്യം ഓടിയെത്തിയത്. വീടിന്റെ അടുക്കള ഭാഗത്ത് മരിച്ച നിലയിലാണ് ഇന്ദിരയെ കണ്ടെത്തിയത്. വീടിനു മുന്‍വശത്ത് കൊടുവാളുമായി വാസു നില്‍പ്പുണ്ടായിരുന്നു. വാസുവിന്റെ കൈയിലുണ്ടായിരുന്ന കൊടുവാള് രാജന് പിടിച്ചുമാറ്റി.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യയും മക്കളും പക്ഷംചേര്‍ന്ന് തന്നെ കുറ്റപ്പെടുത്തുന്നതായി വാസു ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് വാസു ഭാര്യയെ വെട്ടിക്കൊന്നതെന്നും പോലീസ് പറഞ്ഞു.