ന്യൂഡൽഹി: പിഎം ശ്രീ പദ്ധതി ധാരണാപത്രം സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. ശുഭപ്രതീക്ഷയിലേക്കാണ് കാര്യങ്ങൾ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും. വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ വിശദീകരിക്കുമെന്ന് രാജ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മും സിപിഐയും ഒരുപോലെ ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. മന്ത്രിസഭ ഉപസമിതിയുടെ അടക്കം കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും. ധാരണാപത്രത്തിൽ ഒപ്പിട്ട സ്ഥിതിക്ക് അതിൽ നിന്ന് പിൻവാങ്ങുന്ന കാര്യങ്ങൾ പരിശോധിക്കുമെന്നും രാജ പറഞ്ഞു.
കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തും. സംസ്ഥാന സർക്കാർ അതിന്റെ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് അദേഹം പറഞ്ഞു. കേന്ദ്രം പദ്ധതിയിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചാൽ അപ്പോൾ അക്കാര്യം ആലോചിക്കുമെന്ന് രാജ കൂട്ടിച്ചേർത്തു.