ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) സമാധാനവും സുരക്ഷയും നിലനിർത്തുന്നതു ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും ഉന്നതതല സൈനിക ചർച്ചകൾ വീണ്ടും ആരംഭിച്ചു.
ഇന്ത്യൻ ഭാഗത്തുള്ള മോൾഡോ ചുഷുൽ അതിർത്തി മീറ്റിംഗ് പോയിന്റിൽ 23-ാമത് കോർ കമാൻഡർതല ചർച്ചകൾ നടന്നതായി ചൈനീസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
പടിഞ്ഞാറൻ അതിർത്തിഭാഗത്തിന്റെ നടത്തിപ്പിനെക്കുറിച്ച് ഇരുരാജ്യങ്ങളും കൃത്യമായ ആശയവിനിമയത്തിൽ ഏർപ്പെട്ടതായാണു ചൈനീസ് പ്രതിരോധമന്ത്രാലയം അറിയിച്ചത്. എന്നാൽ കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ജൂലൈയിലാണ് ഇരുരാജ്യങ്ങളും ഇക്കാര്യത്തിൽ അവസാന ചർച്ച നടത്തിയത്. അതിർത്തിപ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നതിനുള്ള നടപടികൾ തൃപ്തരാണെന്ന് ജൂലൈയിൽ നടന്ന ചർച്ചകൾക്കുശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഒരു നല്ല ചുവടുവയ്പായിട്ടാണ് കേന്ദ്രം അന്നു നടപടികളെ കണ്ടത്. 2020ൽ ഗാൽവൻ താഴ്വരയിൽ ഏറ്റുമുട്ടിയതിനുശേഷം കഴിഞ്ഞവർഷം അവസാനം മുതലാണ് സമാധാന നടപടികളിലേക്ക് ഇരുരാജ്യങ്ങളും കടന്നത്.