തൃശൂർ: സംസ്ഥാനത്തു മൂന്നിടങ്ങളിലായി ദിവസവും നാടകം അവതരിപ്പിക്കാനുള്ള സ്ഥിരം നാടകവേദി സംവിധാനം ഒരുക്കുമെന്നും നാടക കലാകാരന്മാരുടെ സംരക്ഷണത്തിനായി ഒരു നൂതനപദ്ധതി നടപ്പാക്കുമെന്നും സാംസ്കാരികമന്ത്രി സജി ചെറിയാൻ.
കേരള സംഗീതനാടക അക്കാദമിയുടെ 2024 ലെ സംസ്ഥാന പ്രഫഷണല്‍ നാടക അവാര്‍ഡ് സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കായംകുളത്തെ തോപ്പിൽ ഭാസി തിയറ്റർ, തൃശൂർ, മലബാർ എന്നിവിടങ്ങളിലാണ് സ്ഥിരം നാടകവേദി ഒരുക്കുക. രാജ്യത്തു വളർന്നുവരുന്ന അസഹിഷ്ണുത നേരിടാൻ വിശ്വാസം, മൈത്രി, മാനവികത എന്നിവ ഉയർത്തിപ്പിടിച്ചുള്ള നാടകങ്ങൾ അവതരിപ്പിക്കാൻ തയാറായാൽ മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. കലാകാരന്മാർക്കു കലാപ്രവർത്തനത്തിലൂടെ വിജയകരമായി മുന്നോട്ടു പോകാൻ കഴിയുന്ന സാംസ്കാരികനയം കേരളത്തിൽ ഉണ്ടാക്കും.
നവംബർ മൂന്നിന് തൃശൂരിൽ നടക്കുന്ന വിഷൻ 2031 സെമിനാറിൽ കേരളത്തിന്റെ സാംസ്കാരികനയം ചർച്ചചെയ്യും. സമാധാനമെന്ന സന്ദേശമുയർത്തി കേരളത്തിലെയും ഇന്ത്യയിലെയും കലാകാരന്മാർ അണിനിരക്കുന്ന ഒരു ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റ് ഡിസംബർ 20, 21, 22 തീയതികളിൽ കൊച്ചിയിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.