ഗോഹട്ടി: ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കടന്ന് ദക്ഷിണാഫ്രിക്ക. ഒന്നാം സെമിയിൽ ഇംഗ്ലണ്ടിനെ 125 റണ്‍സിനു തകർത്താണ് ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശം
ദക്ഷിണാഫ്രിക്ക ഉയർത്തിയ 320 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 42.3 ഓവറിൽ 194 റണ്‍സിന് ഓൾഔട്ടായി. ഇതോടെ വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ സെമിഫൈനലിലെ വിജയികളെ ഫൈനലിൽ ദക്ഷിണാഫ്രിക്ക നേരിടും.
വലിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗണ്ടിന് തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആദ്യ മൂന്ന് ബാറ്റർമാർ പൂജ്യത്തിന് പുറത്തായി. ക്യാപ്റ്റൻ നാറ്റ് സ്കൈവർ ബ്രണ്ടും ആലീസ് കാപ്സിയും ചേർന്നാണ് ഇംഗ്ലണ്ടിനെ വലിയ നാണക്കേടിൽനിന്നും രക്ഷിച്ചത്.
നാറ്റ് സ്കൈവർ 76 പന്തിൽ 64 റണ്‍സും കാപ്സി 71 പന്തിൽ 50 റണ്‍സും നേടി. ഇരുവരും ചേർന്ന് 107 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്. ഡാനിയേൽ വ്യാറ്റ് ഹോഡ്ജ് 34 റണ്‍സും ലിൻസ് സ്മിത്ത് 27 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.
ദക്ഷിണാഫ്രിക്കയ്ക്കായി മാരിസാൻ കാപ് അഞ്ച് വിക്കറ്റ് വീഴ്ത്തി. നദീൻ ഡി ക്ലെർക്ക് രണ്ട് വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 319 റണ്‍സാണ് നേടിയത്. ഓപ്പണറായി കളത്തിലിറങ്ങിയ ലോറ തകർപ്പൻ സെഞ്ചുറിയുമായി കളം നിറഞ്ഞു. 143 പന്തുകൾ നേരിട്ട ലോറ നാല് സിക്സും 20 ഫോറും ഉൾപ്പെടെ 169 റണ്‍സെടുത്താണ് മടങ്ങിയത്.
ഓപ്പണറായ തസ്മിൻ ബ്രിട്ട്സും മികച്ച പ്രകടനം കാഴ്ചവച്ചു. 65 പന്തിൽ 45 റണ്‍സെടുത്താണ് ബ്രിട്ട്സ് കളംവിട്ടത്. ഇരുവരും ചേർന്ന് 116 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തുയർത്തത്. മരിസാൻ കാപ് 42 റണ്‍സും ക്ലോ ട്രയോണ്‍ പുറത്താകാതെ 33 റണ്‍സും നേടി.
ഇംഗ്ലണ്ടിനായി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. ലോറൻ ബെൽ രണ്ട് വിക്കറ്റും നേടി.
Tags : South Africa England cricket