തൃശൂർ: പരിഹരിക്കപ്പെടും എന്നുറപ്പായ കാർഷിക സർവകലാശാലയിലെ ഫീസ് വിഷയത്തിലൂന്നി എസ്എഫ്ഐ നടത്തുന്ന സമരം പിഎം ശ്രീ വിഷയത്തിലെ രാഷ്ട്രീയ പാപ്പരത്തം മറയ്ക്കാനുള്ള നാടകമെന്നു വിമർശിച്ച് എഐഎസ്എഫ്. കഴിഞ്ഞദിവസം സർവകലാശാലാ ആസ്ഥാനത്തേക്കു നടത്തിയ എസ്എഫ്ഐ മാർച്ചിൽ വൻ സംഘർഷമുണ്ടായിരുന്നു.
സർവകലാശാലയ്ക്കകത്തു കയറിയാൽ വഴിതെറ്റുന്ന എസ്എഫ്ഐ നേതാക്കളുടെ ട്യൂഷൻ തങ്ങൾക്കു വേണ്ടെന്ന് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എ. അഖിലേഷ് പരിഹസിച്ചു. എസ്എഫ്ഐയും എഐഎസ്എഫും ചേർന്ന് കാർഷിക സർവകലാശാല ഭരിക്കുന്നതു രാഷ്ട്രീയ നിലപാടു മൂലമാണെന്നും പറഞ്ഞു. പുതിയ സെക്രട്ടറിക്ക് ആദ്യമായി ഉപ്പും അതു വയ്ക്കാൻ കലവും കൊടുത്തത് എഐഎസ്എഫാണ്.
ഇക്കണക്കിനു പോയാൽ പഴയ എട്ടുകാലി മമ്മൂഞ്ഞ് എന്ന പ്രയോഗം വീണ്ടും ആവർത്തിക്കേണ്ടിവരും. ഫീസ് വർധനയിൽ ആദ്യം പരാതി നൽകിയതു ഞങ്ങളാണ്. മന്ത്രിമാരെ കണ്ടു പരാതി നൽകുകയും വിദ്യാർഥികളുമായി ആലോചിക്കാതെ നിരക്കുവർധനയുണ്ടാകില്ലെന്ന ഉറപ്പു വാങ്ങുകയും ചെയ്തു.
തുടർന്ന് തലസ്ഥാനത്തു നടത്തിയ സർവകക്ഷി ചർച്ചയിൽ ഫീസ് വർധന പിൻവലിക്കുമെന്നുള്ള നിലപാടിലേക്കു യൂണിവേഴ്സിറ്റി അധികാരികൾ എത്തി. ഈ വിഷയത്തിലാണു ചില എസ്എഫ്ഐ നേതാക്കൾ വസ്തുതാപരമല്ലാത്ത കാര്യങ്ങൾ വിളിച്ചുപറയുന്നതെന്നും അഖിലേഷ് പറഞ്ഞു.
Tags : SFI AISF political bankruptcy