മ​ഴ​യ്ക്കൊ​പ്പം കാ​റ്റും; ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം
Tuesday, July 16, 2024 2:16 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ​ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ കാ​റ്റി​ലാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. റാ​ന്നി, മ​ല്ല​പ്പ​ള്ളി, കോ​ഴ​ഞ്ചേ​രി, കോ​ന്നി താ​ലൂ​ക്കു​ക​ളി​ൽ കാ​റ്റി​ൽ ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. വ​ൻ​മ​ര​ങ്ങ​ൾ പ​ല​യി​ട​ത്തും ക​ട​പു​ഴ​കി. മ​ര​ങ്ങ​ൾ വീ​ണു നി​ര​വ​ധി വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. വൈ​ദ്യു​തി വി​ത​ര​ണം പ​ല​യി​ട​ത്തും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​ര​ങ്ങ​ൾ വീ​ണു റോ​ഡു​ക​ളി​ൽ ഗ​താ​ഗ​തത​ട​സം ഉ​ണ്ടാ​യി.

റാ​ന്നി വാ​ളി​പ്ലാ​ക്ക​ൽ ഉ​പ്പുകു​ള​ത്തി​ൽ മ​നോ​ജി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് തേ​ക്കുമ​രം വീ​ണു നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. വ​ല​ഞ്ചു​ഴി മു​സ്ലിം പ​ള്ളി​ക്കു സ​മീ​പം ക​ട​യി​ലേ​ക്ക് വൈ​ദ്യു​ത പോ​സ്റ്റ് ഒ​ടി​ഞ്ഞുവീ​ണു. പ​ത്ത​നം​തി​ട്ട​യി​ൽ ഷാ​ന​വാ​സ് പെ​രി​ങ്ങ​മ്മ​ല​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ണു നാ​ശന​ഷ്ടം സം​ഭ​വി​ച്ചു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ വ​ഞ്ചി​പ്പൊ​യ്ക പു​ത്ത​ൻ​വി​ള കു​ഞ്ഞു​മോ​ന്‍റെ വീ​ടി​നു മു​ക​ളി​ൽ മ​രം പി​ഴു​തു വീ​ണു. വീ​ടി​നു ക​ന​ത്ത നാ​ശ​ന​ഷ്ടം നേ​രി​ട്ടു. സ​മീ​പ​ത്തു​നി​ന്നി​രു​ന്ന മാ​വാ​ണ് ക​ട​പു​ഴ​കി​യ​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കു​ഞ്ഞു​മോ​നും ഭാ​ര്യ​യും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
വ​ഞ്ചി​പ്പൊ​യ്ക നെ​ല്ലി​ക്കാ​ട്ടി​ൽ മ​നോ​ഹ​ര​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് പ്ലാ​വ് പി​ഴു​തു​വീ​ണ് വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

കാ​റ്റി​ലും മ​ഴ​യി​ലും കു​മ്പ​ഴ ഇ​ല​ക്‌ട്രിക്ക​ൽ സെ​ക്‌ഷൻ പ​രി​ധി​യി​ൽ പ​ല ഭാ​ഗ​ത്തും മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണു വൈ​ദ്യു​ത ക​മ്പി​ക​ൾ പൊ​ട്ടു​ക​യും പോ​സ്റ്റു​ക​ൾ ഒ​ടി​യു​ക​യും ചെ​യ്തു.

കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ ആ​രം​ഭി​ച്ച മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.

കീ​ക്കൊ​ഴൂ​ർ - ഉ​തി​മൂ​ട് റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ല്ല​പ്പ​ള്ളി - ചെ​റു​കോ​ൽ​പ്പു​ഴ റോ​ഡി​ൽ വൃ​ന്ദാ​വ​നം ജം​ഗ്ഷ​നു സ​മീ​പ​വും മ​രം വീ​ണു.

സം​ഭ​ര​ണി​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു,മൂ​ഴി​യാ​റി​ൽ റെ​ഡ് അ​ല​ർ​ട്ട്

പ​ത്ത​നം​തി​ട്ട: വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യ​തി​നെത്തു​ട​ർ​ന്ന് സം​ഭ​ര​ണി​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു. എ​ന്നാ​ൽ, ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ ക​ക്കി, ആ​ന​ത്തോ​ട്, പ​ന്പ സം​ഭ​ര​ണി​ക​ളി​ൽ ജ​ല​നി​ര​പ്പ് 33 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

മൂ​ഴി​യാ​ർ സം​ഭ​ര​ണി​യി​ൽ ജ​ല​നി​ര​പ്പ് 190.2 മീ​റ്റ​റി​ലേ​ക്ക് എ​ത്തി​യ​തോ​ടെ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 192.63 മീ​റ്റ​റാ​ണ് സം​ഭ​ര​ണി​യു​ടെ ശേ​ഷി. മ​ണി​യാ​ർ, കാ​രി​ക്ക​യം, അ​ള്ളു​ങ്ക​ൽ സം​ഭ​ര​ണി​ക​ളി​ൽ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ചു വ​രി​ക​യാ​ണ്. പെ​രു​ന്തേ​ന​രു​വി സം​ഭ​ര​ണി നി​റ​ഞ്ഞ് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ക​യാ​ണ്. പെ​രു​ന്തേ​ന​രു​വി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ കു​രു​ന്പ​ൻ​മൂ​ഴി കോ​സ്‌വേയി​ലും വെ​ള്ളം ക​യ​റി.

ക​ക്കി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ വ​രെ​യു​ള്ള ക​ണ​ക്കി​ൽ 78 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. പ​ന്പ​യി​ൽ 53, മൂ​ഴി​യാ​റി​ൽ 53, വ​ട​ശേ​രി​ക്ക​ര 69.4, പ​ത്ത​നം​തി​ട്ട​യി​ൽ 49.2, കോ​ന്നി എ​സ്റ്റേ​റ്റി​ൽ 39.1, തി​രു​വ​ല്ല​യി​ൽ 57.1 മി​ല്ലി​മീ​റ്റ​റും മ​ഴ പെ​യ്തു.

ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു

പ​ന്പാ​ന​ദി​യി​ൽ അ​യി​രൂ​രി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.69 മീ​റ്റ​റും മാ​രാ​മ​ണ്ണി​ൽ 4.64 മീ​റ്റ​റും ആ​റ​ന്മു​ള​യി​ൽ 4.38 മീ​റ്റ​റു​മാ​ണ് ജ​ല​നി​ര​പ്പ്. ഞാ​യ​റാ​ഴ്ച​യി​ലെ നി​ര​പ്പി​ൽനി​ന്ന് ഒ​രു മീ​റ്റ​റോ​ളം ജ​ല​നി​ര​പ്പു​യ​ർ​ന്നു.

മ​ണി​മ​ല​യാ​റ്റി​ലെ വ​ള്ളം​കു​ള​ത്ത് 3.74, ക​ല്ലൂ​പ്പാ​റ​യി​ൽ 4.58 മീ​റ്റ​റു​മാ​ണ് ജ​ല​നി​ര​പ്പ്. കോ​ന്നി​യി​ൽ18.3 മീ​റ്റ​റി​ലേ​ക്ക് ജ​ല​നി​ര​പ്പു​യ​ർ​ന്നു. ക​ല്ലേ​ലി​യി​ൽ 29.97 മീ​റ്റ​റി​ലാ​ണ് ജ​ല​നി​ര​പ്പ്.