വെണ്മയുടെ നിലാവ് പരത്തുന്ന ക്രിസ്തുദാസൻ
ജിജി തോംസണ് മുൻ ചീഫ് സെക്രട്ടറി
Tuesday, March 25, 2025 2:25 AM IST
വെണ്മയുടെ ജൈത്രയാത്ര' എന്ന മനോഹര കവിതയിൽ കവി വിഷ്ണു നാരായണൻ നന്പൂതിരി വെണ്മയുടെ ഒരുപാട് സൂചകങ്ങൾ എണ്ണിയെണ്ണി പറയുന്നു. പൂത്ത മുല്ല; വെള്ളാരങ്കല്ലിൽ മഞ്ഞുനീർക്കണം; മേടച്ചൂടുവറ്റിയ പകൽ; കന്യതൻ ചിരി; വിണ്ണിൽ ചോടുതെറ്റാതെ നീങ്ങും വൃദ്ധ നക്ഷത്രം; കുരുനെറ്റിയിൽ തൊട്ട ചന്ദനം; പോള പൊട്ടിയ കമുകിൻ പൂക്കുല; മുലപ്പാൽ നുണഞ്ഞിടും ഇളം ചുണ്ടിലെ നിലാവല; പൊള്ളിടും മെയ്യിൽ തലോടുന്ന കൈത്തലം; വിടചൊല്ലും നാവിൽ പതറുന്ന മംഗളവാക്യം - ഇങ്ങനെ എത്രയെത്ര വെണ്മകളുടെ സൂചകങ്ങളാണ് നമുക്കുചുറ്റും ഉള്ളത്! എന്നാൽ തിന്മകൾ കൊടികുത്തി വാഴുന്ന ലോകത്തിൽ ഇതൊന്നും നമ്മൾ കാണുന്നില്ല.
കാണാൻ മെനക്കെടുന്നില്ല എന്നു പറയുന്നതാകും കൂടുതൽ ശരി. മനസിൽ വെണ്മയുള്ള ഒരാൾക്കേ ഈ അന്ധതമസിലും വെണ്മയുടെ ജൈത്രയാത്ര കാണാൻ കഴിയൂ. ഇതുപോലെ, പ്രതീക്ഷകളുടെ കൂന്പടയുന്ന ഇന്നത്തെ ചുറ്റുപാടുകളിലും വെണ്മ പരത്തുന്ന സുമാനുഷർ നമുക്കു ചുറ്റുമുണ്ട്. അങ്ങനെ വെണ്മയുടെ നിലാവ് പരത്തുന്ന ഒരാളാണ് സഭയുടെ അമരത്തേക്ക് എത്തുന്ന ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത.
മെത്രാപ്പോലീത്തയുമായി എനിക്കു ദീർഘനാളത്തെ പരിചയമുണ്ട്. 1983ൽ മൂവാറ്റുപുഴ സബ് കളക്ടറായിട്ടാണ് എന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അന്ന് അദ്ദേഹം ഒരു ശെമ്മാശനായിരുന്നു. 1984ൽ കശീശാപദവി ലഭിച്ചു. പത്തു വർഷം കഴിഞ്ഞ് അദ്ദേഹം മെത്രാപ്പോലീത്തയായി.
കൊച്ചി ഭദ്രാസനത്തിന്റെ ഇടയനായി അദ്ദേഹം നടത്തിയ അജപാലന ശുശ്രൂഷ ശ്രദ്ധേയമായിരുന്നു. വളരെ വിനയാന്വിതനായി, സൗമ്യതയോടെ എന്നാൽ നിശ്ചയദാർഢ്യത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു മെത്രാപ്പോലീത്തയെയാണ് ഞാൻ പരിചയപ്പെട്ടത്. എതിർചേരിയിൽ നിൽക്കുന്നവരോടും അദ്ദേഹം കാണിക്കുന്ന ആദരവ് അനാദൃശമാണ്. പരിശുദ്ധാത്മനിറവുള്ള ഒരാൾക്കു മാത്രമേ അങ്ങനെ പ്രവർത്തിക്കാനാകൂ. പരിശുദ്ധ പരുമല തിരുമേനിയുടെ കുടുംബപരന്പരയിലെ നാലാം തലമുറക്കാരനായ ഒരു പിതാവിൽനിന്നും അതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്.
ക്രിസ്തുവിനെ സ്നേഹിക്കുന്ന, ആരാധിക്കുന്ന സഭാമക്കൾ കേസിലുംവഴക്കിലും ഇരുട്ടിൽ തപ്പിത്തടയുകയാണ്. അപ്പോഴാണ് വെണ്മയുടെ നറും നിലാവ് പരത്തുന്ന ഒരു ക്രിസ്തുദാസൻ മലങ്കര യാക്കോബായ സുറിയാനി സഭയുടെ വലിയ ഇടയനായി അവരോധിക്കപ്പെടുന്നത്. പ്രതീക്ഷയുടെ ഈ പൊൻവെളിച്ചത്തെ നമുക്ക് ഒരുമിച്ച് സ്വാഗതം ചെയ്യാം. എന്നും ക്രിസ്തുവിന്റെ പാദങ്ങൾ പിന്തുടരാൻ, എന്നും വചനം ധ്യാനിക്കാൻ, എന്നും മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാൻ, എന്നും നിത്യോപവാസത്താൽ സ്വന്തം ശരീരത്തെ ശിക്ഷിക്കാൻ, എന്നും മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ, എന്നും ക്രൂശിലേറാൻ, എന്നും നമുക്കു വഴികാട്ടാൻ ഈ പിതാവിനെ അനുഗ്രഹിക്കണേ എന്നു നമുക്കു പ്രാർഥിക്കാം.