ലൈറ്റ് ഓഫ് ഫെസ്റ്റിവല്‍... ദീപങ്ങള്‍ നിറയട്ടെ...
Friday, October 17, 2025 1:17 PM IST
ശ്രീരാമൻ അയോധ്യയിൽ മടങ്ങിയെത്തിയ ദിവസം
തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി കൊണ്ടാടുന്നത്. 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിൽ മടങ്ങിയെത്തിയ ദിവസമാണ് ഇതെന്നാണ് ഒരു ഐതിഹ്യം. മറ്റു പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. ദീപാവലി എന്നും ദീപാളി എന്നും ഇതിനെ വിളിക്കുന്നു.
ദീപങ്ങളുടെ നിര എന്നാണ് ദീപാവലിയുടെ അർഥം. അഞ്ചു തിരിയിട്ട് ഭദ്രദീപം കൊളുത്തി ധനലക്ഷ്മിയെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് പൂജ നടത്തുന്നു. ലക്ഷ്മിയെ ഈ ദിവസം പൂജിച്ചാൽ ഒരു വർഷം മുഴുവൻ ഐശ്വര്യം നിലനിൽക്കും എന്നാണ് വിശ്വാസം.
വടക്കേ ഇന്ത്യയില്‍ അഞ്ച് ദിവസത്തെ ആഘോഷം
വടക്കേ ഇന്ത്യയിലെ അഞ്ച് ദിവസത്തെ ആഘോഷമാണ്. കേരളത്തിൽ പക്ഷേ ഇത് ഒരു ദിവസമായി ചുരുങ്ങിയിരിക്കുന്നു. ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻ തേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്.
അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്യുന്നു. വൈകിട്ടു അഞ്ചുതിരിയിട്ട വിളക്കു വച്ച് ധനലക്ഷ്മിയെ പൂജിക്കുകയും കനക ധാരാസ്തവം തുടങ്ങിയ മഹാലക്ഷ്മി സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്യുന്നു. ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്.
നരകാസുരനെ വധിച്ച ശ്രീ കൃഷ്ണനെയാണ് അന്നേ ദിവസം പൂജിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസം ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മി അഥവാ ആദിപരാശക്തിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നിവരെയും കുബേരനയും പൂജിക്കുന്നു.
ഓണാഘോഷവുമായി സാമ്യം
കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്. വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. നമ്മുടെ ഓണം പോലെ.
ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.
ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചെന്നാണ് ഐതിഹ്യം.
ദീപാവലിയാണ്.. നിയന്ത്രണങ്ങളുമായി റെയില്‍വേ
രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുമ്പോള്‍ സുരക്ഷയൊരുക്കി നന്മനിറഞ്ഞ ഉല്സവനാളുകള്ക്ക് വട്ടം കൂട്ടൂന്ന് നിര്‍ദേശങ്ങളും റെയില്‍വേ നല്‍കുന്നുണ്ട്.കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷിക്കാനായി രാജ്യത്തുടനീളം യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുണ്ട്.
എന്നാൽ ബാഗുകൾ പായ്ക്ക് ചെയ്യുന്നതിന് മുൻപ്, ഇന്ത്യൻ റെയിൽവേയിൽനിന്ന് ഒരു പ്രധാന യാത്രാ അറിയിപ്പുണ്ട്. ഈ തിരക്കേറിയ ഉത്സവകാലത്ത് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ, ചില സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുതെന്ന് അഭ്യർഥിച്ചുകൊണ്ട് റെയിൽവേ ഒരു പുതിയ നിർദേശം പുറപ്പെടുവിച്ചു.
അപകടങ്ങൾ തടയുകയും ഉത്സവകാലത്തെ തിരക്ക് യാതൊരുവിധ അനിഷ്ട സംഭവങ്ങൾക്കും ഇടയാക്കുന്നില്ലെന്ന് ഉറപ്പാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ഈ സീസണിൽ നിങ്ങൾ കൊണ്ടുപോകാൻ പാടില്ലാത്തതും സുരക്ഷിതമായി എങ്ങനെ യാത്ര ചെയ്യാമെന്നതിനെക്കുറിച്ചും അറിയാം.
ദീപാവലിക്ക് ട്രെയിനിൽ കൊണ്ടുവരാൻ പാടില്ലാത്തവ
പടക്കങ്ങള്‍, മണ്ണെണ്ണ, ഗ്യാസ് സിലിണ്ടറുകള്‍, സ്റ്റൗ, തീപ്പെട്ടി, സിഗരറ്റ് എന്നിവയുമായി യാത്രചെയ്യരുതെന്നാണ് നിര്‍ദേശം. യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുൻപ് നിങ്ങളുടെ ലഗേജ് പരിശോധിക്കുക.
ഉത്സവകാല തിരക്കിനിടയിൽ നിരോധിക്കപ്പെട്ട ആറ് സാധനങ്ങളിൽ ഒന്നും നിങ്ങളുടെ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കുക.നേരത്തെ എത്തുക. ബോർഡിങ്ങിന് മുൻപ് ടിക്കറ്റിങ്, സുരക്ഷാ പരിശോധനകൾ എന്നിവ പൂർത്തിയാക്കാൻ വലിയ സ്റ്റേഷനുകളിലെ ഹോൾഡിങ് ഏരിയകൾ ഉപയോഗിക്കുക. യാത്രയ്ക്കിടയിൽ ജാഗരൂകരായിരിക്കുക.
രൂക്ഷമായ ഗന്ധം (ഇന്ധനത്തെയോ ഗ്യാസിനെയോ സൂചിപ്പിക്കുന്നത്) അല്ലെങ്കിൽ പുക ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കുക. ഇന്ത്യയിലുടനീളം ഉത്സവലഹരി ഉയരുമ്പോൾ, ലക്ഷക്കണക്കിന് യാത്രക്കാർ റെയിൽ മാർഗം നാട്ടിലേക്കുള്ള ദീർഘയാത്രകൾക്കായി ഒരുങ്ങുകയാണ്.
ദീപാവലിയും മറ്റ് ആഘോഷങ്ങളും അടുത്തുവരുന്ന സാഹചര്യത്തിൽ, ട്രെയിൻ യാത്ര സുരക്ഷിതവും സുഗമവും അപ്രതീക്ഷിത സംഭവങ്ങളില്ലാത്തതുമാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ കർശനമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഓരോ കംപാർട്ട്മെന്റും പതിവിലും കൂടുതൽ ഇടുങ്ങിയതായി അനുഭവപ്പെടുന്നുഇന്നതിനും പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കുന്നതിനും സ്ഥിരം ഹോൾഡിങ് ഏരിയകൾ നിർമിച്ചിട്ടുണ്ട്.