മരിക്കുന്ന മനുഷ്യനു മരണമില്ലാത്ത ഓർമകൾകൊണ്ട് എന്തു നേട്ടം? അതിൽ താത്വികത ഇല്ലല്ലോ എന്ന ചോദ്യം ഇവിടെ സ്വാഭാവികം. എന്നാൽ, ജീവിക്കുന്ന ശരീരത്തിൽ അമർത്യമായ ഒരാത്മാവുണ്ട്. ആ ആത്മാവ് വാഴ്ത്തപ്പെട്ട ഓർമകളുടെ കാവൽ സൂക്ഷിപ്പുകാരനാണ്. തെറ്റു ചെയ്തു കഴിയുമ്പോൾ നേരെയാകണം എന്ന വിങ്ങൽ ശരീരത്തിന്റേതല്ല ആത്മാവിന്റേതാണ്. വളരെ കഷ്ടപ്പെട്ടു സമയമെടുത്ത് ഒരാളെ സഹായിക്കുമ്പോൾ ശരീരക്ഷീണത്തെ മറികടന്ന് ആത്മാവിലുണ്ടാകുന്ന ആനന്ദം നാം അനുഭവിച്ചിട്ടുള്ളവരാണ്.
യഥാർഥത്തിൽ പെസഹായിൽ സംഭവിച്ചതു സകല മുറിവുകളുടെ വേദനയിലും അതിനെ മറികടക്കാൻ തക്കവണ്ണം ആത്മാവ് സജ്‌ജമായതാണ്. കുരിശിനെ മഹത്വപ്പെടുത്താനും കൈകളും കാലുകളും തുളയ്ക്കുന്ന ആണികളേയും വിലാവ് തുറക്കുന്ന കുന്തമുനയേയും ശരീരത്തെ മുറിപ്പെടുത്തുന്ന ചാട്ടവാറുകളേയും അതിജീവിക്കുന്ന അമർത്യതയുടെ ആത്മാവ് ശരീരത്തിലേയ്ക്കു സമ്പൂർണമായി ആവാഹിക്കപ്പെട്ടു. എല്ലാ മർദനങ്ങൾക്കും തികഞ്ഞ വേദനയുണ്ടായിരുന്നു. പക്ഷേ ആ വേദന വഴി സംജാതമാകുന്ന സ്നേഹത്തിന്റെ നിത്യസ്മാരകം ആ വേദനകളിൽ സംഭവിക്കാമായിരുന്ന സ്വാഭാവിക നിരാശകളെ അതിജീവിക്കാൻ കാരണമായി.
പെസഹാ വിവാഹത്തിന്റെയും കുടുംബങ്ങളുടെയും തിരുനാൾ ദിനമാകണം. ശരീരങ്ങൾ വാഴ്ത്തി മുറിക്കപ്പെട്ടതിന്റെ ഈ തിരുനാൾ ദിനം, പരസ്പരം മുറിച്ചു നല്കാനുള്ള ഊർജത്തിന്റെ സ്രോതസായി ദമ്പതികൾ കാണണം. സ്വാർഥതയില്ലാത്ത മുറിച്ചുനല്കലിലൂടെ മരണമില്ലാത്ത ഒരുപാട് ഓർമകൾ കൊയ്തെടുക്കാൻ ദമ്പതികൾക്കു കഴിയണം.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേണ്ടിയുള്ള പരക്കംപാച്ചിലിലാണു മനുഷ്യൻ എന്നു നം കേട്ടിട്ടുണ്ട്. എന്നാൽ, നിത്യം ഓർമിക്കപ്പെടാൻ തക്കവണ്ണം സ്വന്തം ജീവിതത്തെ പരിവർത്തനപ്പെടുത്തുക എന്നതാണ് എല്ലാ പരക്കംപാച്ചിലുകളുടെയും പ്രതിവിധി. ക്രിസ്തുവിന്റെ ഈ ലോകജീവിതത്തിലെ പുതിയ അധ്യായം കുറിക്കലായിരുന്നു പെസഹാ. കടന്നുപോകലിന്റെ തിരുനാളിനെ കടന്നുവരവാക്കിയ പുതിയ തുടക്കം നമ്മുടെ ജീവിതങ്ങൾക്ക് ആവേശം മാത്രമല്ല പരിവർത്തനവും നല്കട്ടെ.