ഇനി ഓർമയിലെ മധുരഗാനം
Sunday, January 12, 2025 1:47 AM IST
പറവൂര്‍: മലയാളത്തിന്റെ ഭാവഗായകന് പി. ജയചന്ദ്രനു വിട നല്കി കേരളം. ചേന്ദമംഗലം പാലിയത്ത് അമ്മ സുഭദ്രക്കുഞ്ഞമ്മ താമസിച്ചിരുന്ന നാലുകെട്ടിനു സമീപം തറവാട്ട് ശ്മശാനത്തില്‍ നൂറുകണക്കിനാളുകളെ സാക്ഷിയാക്കി ജയചന്ദ്രന്റെ ഭൗതികദേഹത്തെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.
പാലിയത്തില്‍ മൃതദേഹം സംസ്കരിക്കുകയെന്നത് അദ്ദേഹത്തിന്റെ അഭിലാഷമായിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ക്കുശേഷം മകന് ദിനനാഥ് അന്ത്യകര്‍മങ്ങള്‍ ചെയ്ത് ചിതയ്ക്കു തീ കൊളുത്തുമ്പോള്‍ ഇതിഹാസസമാനമായ ഒരു സംഗീതകാലം ചരിത്രമായി, പാട്ടോർമയായി.
തൃശൂരിലെ സ്വവസതിയില്‍നിന്ന് ഇന്നലെ രാവിലെ 10.30 നാണ് ഭൗതികദേഹം പറവൂര്‍ ചേന്ദമംഗലത്തെ വീട്ടിലെത്തിച്ചത്. അടക്കിപ്പിടിച്ച തേങ്ങലുമായി ഭാര്യ ലളിതയും മകള്‍ ലക്ഷ്മിയും ഭൗതികദേഹത്തിനു സമീപംതന്നെയിരുന്നു.
വീട്ടിലെത്തിച്ചശേഷം കുടുംബാംഗങ്ങളുടെ പ്രത്യേക ചടങ്ങുകള്‍ നടന്നു. 11 ഓടെ പൊതുദര്‍ശനം. അതിനു മുന്‍പേതന്നെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആളുകള്‍ ഇഷ്ടഗായകനെ അവസാനമായി ഒരു നോക്കു കാണാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.