രാഹുല്‍ ഈശ്വറിനെതിരേ ഹണി റോസ്
Sunday, January 12, 2025 1:46 AM IST
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരേ നിയമനടപടിക്കൊരുങ്ങി നടി ഹണി റോസ്.
ബോബി ചെമ്മണ്ണൂരിന്റെ പിആര്‍ ഏജന്‍സികളും രാഹുലും തനിക്കെതിരേ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നുവെന്നും താനും കുടുംബവും കടുത്ത മാനസികസമ്മർദം നേരിടുന്നതിന്റെ കാരണക്കാരില്‍ ഒരാള്‍ രാഹുല്‍ ഈശ്വറാണെന്നുമാണ് നടി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരിക്കുന്നത്. രാഹുലിനെതിരേ ഹണി പോലീസില്‍ പരാതി നല്‍കിയതായാണു വിവരം.
ഹണി റോസിന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
രാഹുല്‍ ഈശ്വര്‍, ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നത് . അതിനു പ്രധാന കാരണക്കാരില്‍ ഒരാള്‍ ഇപ്പോള്‍ താങ്കളാണ്. എനിക്കെതിരേ പബ്ലിക് പ്ലാറ്റ്ഫോമില്‍ നടന്ന പകല്‍ പോലെ വ്യക്തമായ അധിക്ഷേപത്തിനെതിരേ ഞാൻ പരാതി കൊടുത്തു. പോലീസ് എന്റെ പരാതിയില്‍ കാര്യമുണ്ടെന്നു കണ്ട് കേസെടുത്തു.
ഞാന്‍ പരാതി കൊടുത്ത വ്യക്തിയെ കോടതി റിമാന്‍ഡിലാക്കുകയും ചെയ്തു. പരാതി കൊടുക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യേണ്ടത് ഭരണകൂടവും പോലീസും കോടതിയുമാണ്.
ഞാന്‍ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്റെ നേരേ തിരിയാനുമുള്ള ഉദ്ദേശ്യത്തോടെ സൈബര്‍ ഇടത്തില്‍ ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയുമാണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നത്.