മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ ആസ്ഥാനമന്ദിരം സമരവേദിയാക്കിയ സംഭവം: ആറ് വൈദികരെ സസ്പെൻഡ് ചെയ്തു
Sunday, January 12, 2025 1:46 AM IST
കൊച്ചി: നൈപുണ്യ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ക്ലാസ്മുറികളിലൂടെ അതിക്രമിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ കേന്ദ്രത്തിലേക്ക് കടക്കുകയും സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ ആസ്ഥാനമന്ദിരത്തെ സമരവേദിയാക്കി മാറ്റുകയും ചെയ്ത 21 വൈദികർക്കു നേതൃത്വം നല്കിയ ആറ് വൈദികരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
അതിരൂപത ആസ്ഥാനത്തെ സമരവേദിയാക്കാതെ എത്രയും വേഗം പിരിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കേണ്ടിവരുമെന്നും കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡ് മുന്നറിയിപ്പ് നല്‍കിയിട്ടും പിരിഞ്ഞുപോകാതെ സമരം തുടര്‍ന്നതിനാലാണ് നടപടിയെടുത്തത്. അന്വേഷണവിധേയമായി അവരെ വൈദികനടുത്ത ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്നു മുടക്കിയിരിക്കുകയാണ്.
അതിക്രമിച്ചു കടക്കുന്നതിന് നേതൃത്വം നൽകിയ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍, ഫാ. രാജന് പുന്നയ്ക്കല്‍, ഫാ. ജെറി ഞാളിയത്ത്, ഫാ. സണ്ണി കളപ്പുരയ്ക്കല്‍, ഫാ. പോള്‍ ചിറ്റിനപ്പിള്ളി, ഫാ. അലക്സ് കരീമഠം എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. മറ്റ് 15 വൈദികര്‍ക്കെതിരേ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന നിര്‍ദേശത്തോടെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
സസ്പെന്‍ഷനിലായിരിക്കുന്ന കാലയളവില്‍ അവര്‍ക്ക് ഇപ്പോള്‍ ചുമതല വഹിക്കുന്ന ഇടവകകളിലോ സ്ഥാപനങ്ങളിലോ തുടരാന്‍ കഴിയില്ല. പരസ്യമായി ബലിയര്‍പ്പിക്കുന്നതിനോ കൂദാശകളും കൂദാശാനുകരണങ്ങളും പരികര്‍മം ചെയ്യുന്നതിനോ അനുവാദമുണ്ടായിരിക്കുന്നതല്ല.
മറ്റു പള്ളികളില്‍ തിരുനാളിലോ വിവാഹം മുതലായ ചടങ്ങുകളിലോ സഹകാര്മികരോ ആകുന്നതിനും അനുവാദമുണ്ടാകുകയില്ല. അവര്‍ക്ക് താമസിക്കുന്നതിന് നിശ്ചയിച്ചു നല്‍കിയിട്ടുള്ള സ്ഥലത്തു മാത്രം അവര്‍ താമസിക്കേണ്ടതാണ്.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്ന ഫാ. ജോസ് ചോലിക്കര, ഫാ. വര്‍ഗീസ് ചെരപ്പറമ്പില്‍, ഫാ. ജോയി പ്ലാക്കല്‍, ഫാ. സാജു കോരേന്‍, ഫാ. ഷെറിന് പുത്തന്‍പുരയ്ക്കല്‍, ഫാ. സ്റ്റെനി കുന്നേക്കാടന്‍, ഫാ. ജെയിംസ് പനവേലി, ഫാ. അസിന് തൈപ്പറമ്പില്‍, ഫാ. ബാബു കളത്തില്‍, ഫാ. ജിതിന് കാവാലിപ്പാടന്‍, ഫാ. ടോം മുള്ളന്‍ചിറ, ഫാ. അലക്സ് മേക്കാംതുരുത്തി, ഫാ. ബിനു പാണാട്ട്, ഫാ. ജോസ് വടക്കന്‍, ഫാ. അഖില്‍ മേനാച്ചേരി എന്നിവര്‍ ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കേണ്ടതുണ്ട്.
അല്ലാത്തപക്ഷം അവര്‍ക്കെതിരേയും കാനന്‍ നിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കേണ്ടതായി വരുമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.