രാജ്യവ്യാപകമായി വാട്ടര്‍ മെട്രോ ആരംഭിക്കാന്‍ കേന്ദ്രം
Sunday, January 12, 2025 1:46 AM IST
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ വിജയകരമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ മെട്രോ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍.
മികച്ച യാത്രാനുഭവവും മികച്ച സൗകര്യങ്ങളും പരിസ്ഥിതിസൗഹൃദവുമായി കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണു രാജ്യത്തെ വിവിധയിടങ്ങളില്‍ ഇതേ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിടുന്നത്.
തടാകം, പുഴകള്‍, ജലാശയങ്ങള്‍, കായലുകള്‍, സമുദ്രം തുടങ്ങി വൈവിധ്യമാര്‍ന്ന ഇടങ്ങളിലാണ് വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യത കേന്ദ്രസര്‍ക്കാര്‍ തേടുന്നത്. ഗോഹട്ടിയില്‍ ബ്രഹ്മപുത്ര നദിയിലാണ് വാട്ടര്‍ മെട്രോ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതെങ്കില്‍ ജമ്മുകാഷ്മീരില്‍ ഇതു ദാല്‍ തടാകത്തിലാണ് അരംഭിക്കുന്നത്. ആൻഡമാനില്‍ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
സാധ്യതാപഠനത്തിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാമെന്നതില്‍ അന്തിമ തീരുമാനമായാല്‍ ആ സ്ഥലങ്ങളിലെ വാട്ടര്‍ മെട്രോയുടെ വിശദ പദ്ധതിരേഖ (ഡിപിആര്‍) തയാറാക്കുന്നതിനുള്ള നടപടികള്‍ അരംഭിക്കും.
അഹമ്മദാബാദ്, സബര്‍മതി, സൂറത്ത്, മംഗളൂരു, അയോധ്യ, ധുബ്രി, ഗോവ, ഗോഹട്ടി, കൊച്ചി, കൊല്ലം, കൊല്‍ക്കത്ത, പാറ്റ്ന, പ്രയാഗ്രാജ്, ശ്രീനഗര്‍, വാരാണസി, മുംബൈ, വാസായ്, ലക്ഷദ്വീപ്, ആൻഡമാന്‍ എന്നിവിടങ്ങളിലാണ് വാട്ടര്‍ മെട്രോയ്ക്കുള്ള സാധ്യത പരിഗണിക്കുന്നത്.