തിരുവാഭരണ ഘോഷയാത്ര ഇന്നു പന്തളത്തുനിന്ന്
Sunday, January 12, 2025 1:46 AM IST
പത്തനംതിട്ട: ശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളത്തുനിന്ന് പുറപ്പെടും.
പന്തളം വലിയ തമ്പുരാന്റെ പ്രതിനിധിയായി ഊട്ടുപുര കൊട്ടാരത്തില്‍ തൃക്കേട്ട നാള് രാജരാജവര്‍മ ഘോഷയാത്രയ്ക്കു നേതൃത്വം നൽകും. തിരുവാഭരണ പേടകങ്ങള്‍ വഹിക്കാനുള്ള സംഘാംഗങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്.
14ന് വൈകുന്നേരം നാലിനാണ് തിരുവാഭരണം ശബരിപീഠത്തിലെത്തുക. 5.30ന് ശരംകുത്തിയിൽ സ്വീകരണം. പതിനെട്ടാംപടി കയറി 6.15ന് കൊടിമരച്ചുവട്ടില്‍ സ്വീകരിക്കും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തും. പിന്നീട് മഹാദീപാരാധനയ്ക്കായി നട തുറക്കും. 20നാണ് നട അടയ്ക്കുന്നത്.