ആരാധനക്രമത്തിലെ അഭിപ്രായവ്യത്യാസങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരേ സീറോമലബാർ സഭാ സിനഡ്
Sunday, January 12, 2025 1:46 AM IST
കൊച്ചി: ആരാധനാക്രമത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ തെരുവിലെ സംഘര്‍ഷങ്ങളാക്കി മാറ്റുന്നത് ഏറെ ദുഃഖകരമാണെന്ന് സീറോമലബാർ സഭാ സിനഡ്. കഴിഞ്ഞ ആറിന് ആരംഭിച്ച് ഇന്നലെ സമാപിച്ച സീറോമലബാർ സഭയുടെ 33-ാമത് സിനഡിന്റെ ആദ്യസമ്മേളനത്തിന്റെ ഭാഗമായി മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നൽകിയ ഇടയലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇടയലേഖനത്തിൽനിന്ന്: ‘ഐക്യത്തിന്റെ കൂദാശയായ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണം നാട്ടിലെ ക്രമസമാധാനവിഷയമായി മാറ്റുന്നതില്‍ സഭയൊന്നാകെ വേദനിക്കുന്നുണ്ട്. ഈ ശൈലിയില്‍ നമുക്ക് ഇനിയും മുന്നോട്ടുപോകാനാകില്ല എന്ന സത്യം ബന്ധപ്പെട്ടവര്‍ മനസിലാക്കണം. സിനഡിനെ അനുകൂലിക്കുന്നവര്‍ എന്ന വ്യാജേന സമൂഹമാധ്യമങ്ങളിലും തെരുവിലും സഭയെ അപമാനിക്കുന്നരീതിയില്‍ ഇടപെടലുകള്‍ നടത്തുന്നവരുടെ നിലപാടുകളും സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് ഓര്‍മിപ്പിക്കുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ ഏറെ നാളുകളായി ആത്മാര്‍ഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ പൂര്‍ണമായി പരിഹരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ഥ്യം സിനഡുപിതാക്കന്മാര് എളിമയോടെ അംഗീകരിക്കുന്നു.
ഐക്യത്തിന്റെ പുതിയ പ്രഭാതം വിദൂരമല്ല എന്ന പ്രത്യാശയോടെയാണ് ഈ വിഷയം സിനഡുപിതാക്കന്മാര് ചര്‍ച്ചചെയ്തത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്തിരുന്ന മാര്‍ ബോസ്കോ പുത്തൂര്‍ പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്കു മുഴുവന്‍ പ്രത്യാശ പകരുന്നതായിരുന്നെന്ന് സിനഡ് വിലയിരുത്തി.
ശ്ലൈഹിക സിംഹാസനത്തിന്റെയും സിനഡിന്റെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിച്ചുകൊണ്ട് അപ്പസ്തോലിക ധീരതയോടെ പിതാവ് എടുത്ത നിലപാടുകള്‍ മൂലം അതിരൂപതയ്ക്കുവേണ്ടി 24 വൈദികാര്‍ഥികളുടെ തിരുപ്പട്ടസ്വീകരണം നടന്നു. അതിരൂപതയില്‍ അച്ചടക്കം തിരികെ കൊണ്ടുവരാന്‍ പിതാവ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് സിനഡ് വിലയിരുത്തി.
എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ 2024 സെപ്റ്റംബര്‍ മാസത്തില്‍ത്തന്നെ അഭിവന്ദ്യ ബോസ്കോ പുത്തൂര്‍ പിതാവ് പരിശുദ്ധ പിതാവിന് രാജി സമര്‍പ്പിച്ചിരുന്നു. 2025 ജനുവരി 11 ന് രാജി പ്രാബല്യത്തില്‍ വന്നതായി വത്തിക്കാനില്‍നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം, അപ്പസ്തതോലിക് അഡ്മിനിസ്ട്രേഷന് അവസാനിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല മേജര്‍ ആര്‍ച്ച്ബിഷപ്പിനെ 2025 ജനുവരി 11 മുതല്‍ തിരികെ ഏൽപ്പിക്കുന്നതായും ശ്ലൈഹികസിംഹാസനം അറിയിച്ചിട്ടുണ്ട്. ഏറെ സങ്കീര്‍ണമായ ഒരു കാലഘട്ടത്തില്‍ സഭയുടെ മനസറിഞ്ഞ് അതിരൂപതയെ ധീരമായി നയിച്ച അഭിവന്ദ്യ മാര്‍ ബോസ്കോ പുത്തൂര്‍ പിതാവിന് സഭയുടെ മുഴുവന്‍ സ്നേഹവും നന്ദിയും ഞാന്‍ അറിയിക്കുന്നു.
സഭയ്ക്കു മുഴുവനുംവേണ്ടിയുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ ബൃഹത്തായ ഉത്തരവാദിത്വങ്ങള്‍ പരിഗണിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ ദൈനംദിന ഭരണനിര്‍വഹണത്തിനായി മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരിയെ നിയമിക്കാന്‍ സിനഡ് തീരുമാനിച്ചു. പ്രാര്‍ഥനാപൂര്‍വമായ വിചിന്തനങ്ങള്‍ക്കുശേഷം പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായി സിനഡുപിതാക്കന്മാര് ഈ ശുശ്രൂഷയ്ക്കായി തെരഞ്ഞെടുത്തത് തലശേരി അതിരൂപതാധ്യക്ഷനായ മാര്‍ ജോസഫ് പാംപ്ലാനി പിതാവിനെയാണ്. തലശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷകള്‍ തുടരുന്നതായിരിക്കും. എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സഭാത്മകമായി പരിഹരിക്കാനാകുമെന്ന പ്രത്യാശ സിനഡിനുണ്ട്.
സീറോമലബാര്‍ സഭയുടെ സിനഡ് തീരുമാനിച്ചതും ശ്ലൈഹിക സിംഹാസനം അംഗീകരിച്ചതും നടപ്പിലാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടു തവണ കത്തുകളിലൂടെയും ഒരു തവണ വീഡിയോസന്ദേശത്തിലൂടെയും നേരിട്ട് ആവശ്യപ്പെട്ടതുമായ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി സീറോമലബാര്‍സഭ മുഴുവനിലും നടപ്പിലാക്കണമെന്ന തീരുമാനത്തിനു യാതൊരു മാറ്റവുമില്ല. പരിശുദ്ധ പിതാവ് അന്തിമതീരുമാനം അറിയിച്ചുകഴിഞ്ഞ ഇക്കാര്യത്തില്‍ യാതൊരുവിധ പുനരാലോചനയും സാധ്യമല്ല എന്ന സത്യം എല്ലാ കത്തോലിക്കാവിശ്വാസികളും വിവേകപൂര്‍വം മനസിലാക്കണം.
2024 ജൂലൈ ഒന്നിനു നൽകിയ വിശദീകരണക്കുറിപ്പിനെ (Ref. No. 6/2024) സ്ഥിരമായ ഒരു ഒത്തുതീര്‍പ്പായി ആരും വ്യാഖ്യാനിക്കരുത്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഞായറാഴ്ചകളിലെ പതിവു കുര്‍ബാനകളില്‍ ഒന്നെങ്കിലും ഏകീകൃതരൂപത്തില്‍ ചൊല്ലുന്നവര്ക്കെതിരേ ജൂണ്‍ ഒന്പതിനു നൽകിയ സര്‍ക്കുലറില്‍ (Ref. No. 4/2024) അറിയിച്ച പ്രകാരമുള്ള ശിക്ഷാനടപടികള്‍ ആരംഭിക്കുന്നതല്ല എന്ന അര്‍ഥത്തിലാണ് പ്രസ്തുത വിശദീകരണം നല്‍കിയിരിക്കുന്നത്. ഏകീകൃത രീതിയിലുള്ള വിശുദ്ധ കുര്ബാനയര്പ്പണത്തിലേക്കുള്ള ആദ്യ ചുവടുവയ്പായാണ് ഇതിനെ മനസിലാക്കേണ്ടത്.
കൃപ ലഭിച്ച കാലഘട്ടം
സീറോമലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം പ്രത്യാശ പകരുന്ന കൃപയുടെ അനുഭവം ലഭിച്ച കാലഘട്ടം കൂടിയാണിത്. നമ്മുടെ സഭാംഗമായ മാർ ജോര്‍ജ് കൂവക്കാട്ട് ഒരു വൈദികനായിരിക്കെത്തന്നെ സാര്‍വത്രിക സഭയിലെ കര്‍ദിനാളായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സഭയ്ക്ക് ഏറെ അഭിമാനകരമാണ്.
അദ്ദേഹത്തിന്റെ ഭാവിശുശ്രൂഷകള്ക്കു സഭയുടെ പേരില്‍ പ്രാര്ഥനാശംസകള് നേരുന്നു. ഗള്‍ഫ് മേഖലയിലെ പ്രവാസികളായ സീറോമലബാര്‍ വിശ്വാസികളുടെ അജപാലനപ്രവര്ത്തനങ്ങള്ക്കായ് നമ്മുടെ സഭയുടേതായ തനതുസംവിധാനങ്ങള് രൂപപ്പെടണമെന്നതു ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. ഇക്കാര്യത്തില്‍ നമ്മുടെ സഭയ്ക്ക് അനുകൂലമായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ എടുത്ത നിലപാടു സഭാംഗങ്ങള്‍ക്കു മുഴുവന്‍ പ്രത്യാശ പകരുന്നതാണ്.
നാടിന്റെ മുഴുവന്‍ ദുഃഖമായി മാറിയ വയനാട്, വിലങ്ങാട് പ്രകൃതിദുരന്തങ്ങളില്‍ തകര്‍ന്നുപോയ ജീവിതങ്ങളെ പുനരുദ്ധരിക്കാന്‍ ഒരുമനസോടെ അണിനിരക്കാന്‍ കഴിഞ്ഞുവെന്നതു നമ്മുടെ സമൂഹത്തിന്റെ നന്മയിലുള്ള പ്രത്യാശ വര്‍ധിപ്പിക്കുന്നതാണ്. ഈ വര്‍ഷം നമുക്കു 287 നവവൈദികരെയും 404 നവസന്യസ്തരെയും ലഭിച്ചതിനും ദൈവത്തിനു നമുക്കു നന്ദിപറയാം.
കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം
കാര്‍ഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെയും വനാതിര്‍ത്തിയില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരുടെയും ആശങ്കകളും വേദനകളും ശ്രദ്ധാപൂര്‍വം സിനഡ് വിലയിരുത്തി. നിയമസഭയില്‍ അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള വനം നിയമഭേദഗതി ബില്ലിനെക്കുറിച്ച് ലക്ഷക്കണക്കിനു കര്‍ഷകര്‍ക്ക് ഗൗരവതരമായ ആശങ്കകളുണ്ട്.
കേരളത്തിന്റെ വനവിസ്തൃതി വര്‍ധിച്ചുവരുമ്പോഴും വനനിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതു വനപാലകരുടെ അധികാരദുര്‍വിനിയോഗത്തിനും പൊതുജനത്തിന്റെ അവകാശലംഘനത്തിനും ഇടയാക്കുമെന്നതിനാല്‍ പ്രസ്തുത ബില്‍ പുനഃപരിശോധിക്കണമെന്ന് സിനഡ് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു.
സിനഡാത്മക സഭ
സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താനും കാരുണ്യത്തിന്റെ മുഖത്തെ കൂടുതല്‍ പ്രകാശിപ്പിക്കാനുമായി പരിശുദ്ധ പിതാവ് റോമില്‍ വിളിച്ചുകൂട്ടിയ സിനഡാത്മകതയെക്കുറിച്ചുള്ള ആഗോളസിനഡിന്റെ സമാപന പ്രബോധനരേഖയുടെ വെളിച്ചത്തില്‍ നമ്മുടെ സഭയുടെ പ്രവര്‍ത്തനശൈലിയിലും ഘടനയിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു സിനഡ് ചര്‍ച്ച ചെയ്യുകയുണ്ടായി. ഇതിനു സഹായകമായ കര്‍മപദ്ധതികള്‍ പ്രസ്തുത പ്രബോധനരേഖയുടെ വെളിച്ചത്തില്‍ കൂടിയാലോചനകളിലൂടെ രൂപത-ഇടവക തലങ്ങളില്‍ ആവിഷ്കരിക്കേണ്ടതാണ്.
നമ്മുടെ സമുദായം നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികളെ മനസിലാക്കാനും പരിഹാരം കണ്ടെത്താനുമായി 2026 സീറോമലബാര്‍ സഭ സമുദായശക്തീകരണവര്‍ഷമായി പ്രഖ്യാപിക്കാന്‍ സിനഡ് തീരുമാനിച്ചിട്ടുണ്ട്.
പാലായില്‍ സമാപിച്ച സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലിയില്‍ സമുദായശക്തീകരണത്തിനു സഹായകമായ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളതു നടപ്പിലാക്കാന്‍ നമ്മുടെ എല്ലാ രൂപതകളും ശ്രദ്ധിക്കുമല്ലോ.