എഡിജിപിയുടെ സാന്പത്തിക സ്രോതസ്: സമഗ്ര റിപ്പോർട്ട് നൽകാൻ നിർദേശം
Sunday, January 12, 2025 1:46 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിന്റെ സാമ്പത്തിക സ്രോതസുകൾ വിശദമായി പരിശോധിച്ച് അനധികൃത സ്വത്തുസമ്പാദനമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് വിജിലൻസ് ഡയറക്ടറുടെ നിർദേശം.
എഡിജിപി എം.ആർ. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് അന്വേഷണസംഘം നൽകിയ റിപ്പോർട്ടിൽ വരുമാനസ്രോതസ് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ഇതു കൃത്യമായി പരിശോധിച്ച് സമഗ്ര റിപ്പോർട്ട് തയാറാക്കി നേരിട്ടു ഹാജരാകാൻ അന്വേഷണ സംഘത്തിനു നിർദേശം നൽകിയത്.
എം.ആർ. അജിത്കുമാറിനെതിരേ അന്വേഷണം നടത്തിയ വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് ഡിവൈഎസ്പി ബിജു പാപ്പച്ചൻ ക്ലീൻ ചിറ്റ് നൽകി ഇടക്കാല റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയ്ക്കു സമർപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ നഗരഹൃദയമായ കവടിയാറിൽ കൂറ്റൻ വീട് നിർമിക്കുന്നതിന്റെ സാമ്പത്തികസ്രോതസ് വ്യക്തമാക്കിയിരുന്നില്ല.
എസ്ബിഐയിൽനിന്ന് 1.5 കോടി രൂപ വായ്പ എടുത്തു വീട് നിർമിക്കുന്നുവെന്ന കണ്ടെത്തൽ മാത്രമാണ് ഇതിലുള്ളത്. എന്നാൽ, വരുമാനത്തിന് അനുസരിച്ചുള്ള തുകയാണ് എഡിജിപി ഇതിനായി ചെലവഴിച്ചതെന്ന വിശദ റിപ്പോർട്ട് ഉൾപ്പെടുത്തിയിട്ടില്ല. വീടുനിർമാണം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.
ഇതോടൊപ്പം 37 ലക്ഷം രൂപ മുടക്കി കുറവൻകോണത്ത് ഫ്ളാറ്റ് വാങ്ങിയ ശേഷം ഏതാനും നാളുകൾക്കുള്ളിൽ 65 ലക്ഷം രൂപയ്ക്കു വിറ്റഴിച്ചിരുന്നു. ഫ്ളാറ്റ് നേരത്തേ വാങ്ങിയിരുന്നെങ്കിലും രജിസ്ട്രേഷൻ നടപടിക്രമം വൈകിയതാണ് കാരണമെന്നായിരുന്നു വിജിലൻസ് ഇടക്കാല റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഭാര്യയുടേത് അടക്കമുള്ള കുടുംബ ഓഹരികളിൽനിന്നുള്ള തുക ഇതിനായി ഉപയോഗിച്ചിരുന്നു. ഇക്കാര്യവും പരിശോധിക്കാൻ നിർദേശിച്ചു.
നിർദേശിച്ച നാലു കാര്യങ്ങളിൽ വ്യക്തത വരുത്തിയുള്ള അന്വേഷണ റിപ്പോർട്ടുമായി ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ടു വരാനാണ് വിജിലൻസ് ഡയറക്ടർ നിർദേശിച്ചിട്ടുള്ളത്. അന്വേഷണ റിപ്പോർട്ട് കോടതിയിൽ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നിയമനടപടികൾ ഒഴിവാക്കാൻകൂടിയാണ് വിജിലൻസ് ഡയറക്ടറുടെ നീക്കം.