മാർച്ച് 31 വരെ കടമെടുക്കാവുന്നത് 3010 കോടി മാത്രം
Sunday, January 12, 2025 1:46 AM IST
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും 2500 കോടി രൂപകൂടി കടമെടുക്കാനുള്ള നടപടി തുടങ്ങിയതോടെ മാർച്ച് 31 വരെ കടമെടുക്കാനുള്ള പരിധി 3010 കോടി രൂപ മാത്രം. സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് 31 വരെ എടുക്കാൻ അനുവദിച്ചിട്ടുള്ള 5510 കോടിയിൽനിന്നാണ് 2500 കോടി കടമെടുക്കുന്നത്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വാർഷിക പദ്ധതികൾക്ക് അടക്കം തുക അനുവദിക്കേണ്ട സാഹചര്യത്തിലാണ് കടമെടുപ്പു പരിധി 3010 കോടിയായി പരിമിതപ്പെടുന്നത്.
അതിനിടെ, സംസ്ഥാനത്തിനു നികുതിവിഹിതമായി 3,300 കോടി രൂപ കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യം കാര്യങ്ങൾ നിർവഹിക്കാനാകും. തദ്ദേശ തെരഞ്ഞെടുപ്പു പടിവാതിലിൽ എത്തുന്ന സാഹചര്യത്തിൽ ഇതുകൂടി മുന്നിൽ കണ്ടുള്ള പദ്ധതികളാകും തയാറാക്കുക.
2500 കോടി രൂപ കടമെടുക്കുന്നതിനായി കടപ്പത്രം പുറപ്പെടുവിക്കുന്നതിനുള്ള ലേലം വരുന്ന ചൊവ്വാഴ്ച റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. മാർച്ച് വരെ ചെലവ് ക്രമീകരിക്കാൻ 17,000 കോടിയുടെ വായ്പാനുമതിക്ക് കേരളം അപേക്ഷിച്ചിരുന്നെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല.
ഡിസംബർ വരെ 23,000 കോടിക്കായിരുന്നു അനുമതി എങ്കിലും പലതവണ കേന്ദ്രം പുതുക്കി നൽകിയതോടെ 32,000 കോടി കേരളം കടമെടുത്തു. 2500 കോടി കൂടി കടമെടുക്കുന്നതോടെ ഈ സാമ്പത്തികവർഷം കടമെടുത്ത തുക 34,500 കോടിയായി ഉയരും.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ 50 ശതമാനം വെട്ടിച്ചുരുക്കാൻ വകുപ്പു സെക്രട്ടറിമാരോടു നിർദേശിച്ചിരുന്നു. ഇതോടൊപ്പം സർക്കാരിന്റെ വരുമാനം ഉയർത്താൻ സർവീസ് ഫീസുകൾ കുത്തനെ ഉയർത്താനും നിർദേശിച്ചു. ഇതേത്തുടർന്ന് പല വകുപ്പുകളിലെയും സർവീസ് ഫീസുകളും ഇരട്ടിയാക്കി.