പതിനെട്ടുകാരിക്കു നേരേ നിരന്തര പീഡനം: 15 പേര്‍കൂടി അറസ്റ്റില്‍
Sunday, January 12, 2025 1:46 AM IST
പത്തനംതിട്ട: പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ രണ്ടുവര്‍ഷത്തിലേറെയായി നിരന്തര ലൈംഗിക പീഡനത്തിനു വിധേയയാക്കിയതുമായി ബന്ധപ്പെട്ട് 15 പേര്‍കൂടി അറസ്റ്റില്‍.
വെള്ളിയാഴ്ച ഇതേ കേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ പത്തനംതിട്ടയിലെ രണ്ട് പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളില്‍ 14 പേര് പോലീസിന്റെ പിടിയിലായി.
റാന്നിയില്‍ മറ്റൊരു കേസുകൂടി എടുക്കുകയും ആറുപേർ അറസ്റ്റിലാകുകയും ചെയ്തു. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഇലവുംതിട്ട പോലീസാണ് അഞ്ച് യുവാക്കളെ ആദ്യം കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ട പോലീസ് ഇന്നലെ മൂന്നു കേസുകളിലായി ഒന്‍പതുപേരെ കസ്റ്റഡിയിലെടുത്തു. വിവിധ സ്ഥലങ്ങളില്‍ നടന്ന പീഡനങ്ങളില്‍ ഉള്‍പ്പെട്ടവരെ ചേര്‍ത്തു വ്യത്യസ്ത കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തുവരുന്നത്. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു.
പത്തനംതിട്ട സ്റ്റേഷനില്‍ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തത് മൂന്ന് കേസുകളാണ്. ഷംനാദാണ് (20) ആദ്യ കേസില്‍ അറസ്റ്റിലായത്. അടുത്ത കേസില്‍ ആറുപേര്‍ പിടിയിലായി. ഇതില്‍ ഒരാള്‍ പതിനേഴുകാരനാണ്. അഫ്സല്( 21), ഇയാളുടെ സഹോദരന് ആഷിക് ( 20), നിധിന് പ്രസാദ് (21), അഭിനവ് ( 18), കാര്‍ത്തിക് ( 18)എന്നിവരാണ് രണ്ടാമത്തെ കേസില്‍ പിടിയിലായ മറ്റുള്ളവര്‍.
മൂന്നാമത്തെ കേസില്‍ സുധീഷ് (കണ്ണപ്പന്, 27), അപ്പു (അപ്പു, 31) എന്നിവരാണ് അറസ്റ്റിലായത്. സുബിന് (24), വി. കെ. വിനീത് (30), കെ. അനന്ദു ( 21), എസ്. സന്ദീപ് (30), എസ്. സുധി (ശ്രീനി, 24),അച്ചു ആനന്ദ് (21) എന്നിവരാണ് ഇലവുംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യകേസില്‍ പിടിയിലായത്. ആദ്യത്തെ കേസിലെ അഞ്ചാം പ്രതി സുധി പത്തനംതിട്ട പോലീസ് നേരത്തേ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്സോ കേസില്‍ ജയിലിലാണ്.
പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍കൂടി ചേര്‍ത്താണ് പീഡനക്കേസിന്റെ അന്വേഷണം നടക്കുന്നത്. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിനാണ് അന്വേഷണച്ചുമതല. അറുപതിലധികം ആളുകള്‍ വിവിധയിടങ്ങളില്‍വച്ച് പീഡിപ്പിച്ചിട്ടുണ്ടെന്നാണു മൊഴി. നിലവില്‍ അറസ്റ്റിലായവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഏറെയാണ്. വിദ്യാര്‍ഥികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മര്‍, നവവരന് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ആദ്യം പീഡിപ്പിച്ചതു സുഹൃത്ത്
കുട്ടിയുടെ സുഹൃത്തായിരുന്ന സുബിന് 13 വയസുള്ളപ്പോള്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും, കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിക്ക് 16 വയസായപ്പോള്‍ ഇയാള്‍ കുട്ടിയെ മാനഭംഗപ്പെടുത്തി. പിന്നീട് പലപ്പോഴായി കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയും മറ്റൊരുദിവസം സുഹൃത്തുക്കളുമായി എത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി മൊഴിയില്‍ പറയുന്നു.
കുട്ടി ഹയര്‍ സെക്കന്‍ഡറി പഠനം നടത്തിവന്ന കാലയളവിലാണ് പീഡനം ഏറെയും നടന്നിരിക്കുന്നത്. സ്കൂളില്‍നിന്നു കബഡി മത്സരത്തില്‍ പങ്കെടുത്ത അവസരത്തില്‍ അവിടെയും പീഡനം നടന്നിട്ടുണ്ടെന്ന് മൊഴിയില്‍ പറയുന്നു.
പഠിക്കുന്ന സ്ഥാപനത്തില്‍ നടത്തിയ കൗണ്‍സലിംഗില്‍ തനിക്കുണ്ടായ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ കൗണ്‍സലര്‍മാരെ കുട്ടി അറിയിക്കുകയായിരുന്നു. നിരവധിയാളുകള്‍ പീഡിപ്പിച്ചതായുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴികള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പത്തനംതിട്ട വനിതാ പോലീസ് എസ്ഐ കെ. ആര്. ഷെമിമോള്‍ അമ്മയുടെ സാന്നിധ്യത്തിലാണ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നത്.
പീഡനം നടന്ന സ്ഥലങ്ങളുടെ ക്രമത്തിലാണ് പുതിയ കേസുകള്‍ ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. മൊഴികള്‍ പ്രകാരം നിയമനടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ അറിയിച്ചു.