മാമിയെ കാണാതായി മണിക്കൂറുകള്‍ക്കകം കുടുംബം പരാതി നല്‍കിയതില്‍ ദുരൂഹതയെന്ന് ഡ്രൈവര്‍
Sunday, January 12, 2025 1:46 AM IST
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂര്‍ (മാമി)യുടെ തിരോധാനത്തിനുശേഷം പോലീസ് വേട്ടയാടുകയാണെന്ന് മാമിയുടെ ഡ്രൈവറായിരുന്ന രജിതും കുടുംബവും.
കഴിഞ്ഞ ദിവസം കാണാതായ രജിത്, ഭാര്യ സുഷാര എന്നിവരെ ഗുരുവായൂരിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി വിട്ടയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയതിനു പിന്നാലെയാണ് പോലീസ് വേട്ടയാടുകയാണെന്ന് രജിത് വെളിപ്പെടുത്തിയത്.
മാമിയെ കാണാതായശേഷം പോലീസ് തന്നെയും സുഹൃത്തുക്കളെയും മക്കൾ ഉള്‍പ്പെടെയുള്ളവരെയും വേട്ടയാടുകയാണ്. ഭാര്യയെ പോലീസ് വിളിപ്പിച്ചു. പത്തു മുതൽ അഞ്ചുവരെ ചോദ്യം ചെയ്തു. മകനെയും ചോദ്യം ചെയ്തു.
പുലർച്ചെ നാലിന് ഗേറ്റ് ചാടിക്കടന്നു വന്നാണ് പോലീസ് വാതിൽ മുട്ടുന്നത്. ഭാര്യയുടെ ഫോൺ പോലീസ് വാങ്ങിവച്ചു. പോലീസ് ചോദിക്കുന്ന പല കാര്യങ്ങളും തനിക്കറിയില്ലെന്നും രജിത് പറഞ്ഞു.
മാമിയേയും കൂട്ടി ബിസിനസ് ആവശ്യങ്ങൾക്കായി പല സ്ഥലത്തും പോകാറുണ്ട്. രണ്ടുമൂന്ന് ദിവസങ്ങൾ കഴിഞ്ഞു തിരിച്ചെത്തുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ മാമിയെ കാണാതായ ദിവസം മണിക്കൂറുകൾക്കുള്ളിൽ തന്നെ കുടുംബം പരാതി നൽകി. ഇതിൽ അസ്വാഭാവികത ഉണ്ടെന്നും രജിത് ആരോപിച്ചു.