കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്കു തുടക്കമായി
Sunday, January 12, 2025 1:46 AM IST
നെയ്യാറ്റിന്‍കര: രാജ്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും ലത്തീൻ സഭ നൽകിയിട്ടുള്ള സംഭാവനകൾ ഒരുകാലത്തും വിസ്മരിക്കാനാവാത്തതാണെന്ന് ശശി തരൂർ എംപി.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 44-ാം ജനറല്‍ അസംബ്ലി നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം വിഷയം മനുഷ്യത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വിഷയമാണ്. തലമുറകളായി ആ ഭൂമിയിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആർക്കും അവകാശമില്ല.
മുസ്ലിം സമുദായത്തിന്റെ അകത്തുള്ളവർക്കുപോലും ഈ വിഷയം ന്യായമായ രീതിയിൽ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. മുനമ്പം ജനതയുടെ പൂർണമായ അവകാശത്തെ സംരക്ഷിക്കാൻ ഏതറ്റംവരെയും കൂടെയുണ്ടാകും. ലത്തീൻ സമുദായത്തിന് റവന്യൂ വകുപ്പിൽനിന്നു ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ ബിഷപ്പുമാർ നൽകുന്ന സാക്ഷ്യപത്രങ്ങൾ ഉദ്യോഗസ്ഥർ നിഷേധിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കെആര്‍എല്‍സിസി-കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ ബിഷപ് ഡോ. ഡെന്നീസ് കുറപ്പശേരിയെ അനുമോദിച്ചു.
തുടര്‍ന്ന് ജൂബിലിയുടെ ചൈതന്യത്തില്‍ കേരള ലത്തീന്‍ സഭയുടെ നവീകരണവും മുന്നേറ്റവും എന്ന വിഷയത്തില്‍ ഷെവ. സിറിള്‍ ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, മോണ്‍. ജി. ക്രിസ്തുദാസ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിതനായ ഫാ. തോമസ് തറയില്‍ എന്നിവരെ ആദരിച്ചു.