അശോകിന്റെ നിയമനത്തിൽ ചട്ടലംഘനമെന്ന്
Sunday, January 12, 2025 1:46 AM IST
തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. ബി. അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷനായി മാറ്റി നിയമിച്ചപ്പോൾ സിവിൽ സർവീസ് ചട്ടം ലംഘിച്ചെന്നു പരാതി.
ഐഎഎസ് ഉദ്യോഗസ്ഥരെ കമ്മീഷനായോ ട്രൈബ്യൂണലായോ വകുപ്പിനു പുറത്തു ഡപ്യൂട്ടേഷനിൽ നിയമിക്കുമ്പോൾ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി തേടണമെന്ന 2022 ലെ സിവിൽ സർവീസ് ചട്ട ഭേദഗതി ലംഘിച്ചെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതി.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ഇക്കാര്യം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി റാങ്കിൽ താഴെയുള്ള ഉദ്യോഗസ്ഥനെ കമ്മീഷനായി നിയമിക്കണമെങ്കിൽ പേഴ്സണൽ മന്ത്രാലയത്തിലെ സഹമന്ത്രിയുടെ പദവിയിലുള്ളവരുടെ അനുമതിയും ജോയിന്റ് സെക്രട്ടറി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥനെ മാറ്റി നിയമിക്കണമെങ്കിൽ കാബിനറ്റ് റാങ്കിലുള്ള മന്ത്രിയുടെ അനുമതിയും ആവശ്യമാണ്. അശോകിനെ സംസ്ഥാന മന്ത്രിസഭാ യോഗം കമ്മീഷനായി നിയമിച്ചപ്പോൾ അനുമതി തേടിയില്ലെന്നാണു പരാതി.
ഇതിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയോ ഹൈക്കോടതിയെയോ സമീപിക്കുന്ന കാര്യവും ബി. അശോക് ആലോചിക്കുന്നുണ്ട്.
തദ്ദേശഭരണ പരിഷ്കരണ കമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടില്ല. തദ്ദേശ കമ്മീഷനായി ബി. അശോകിനെ നിയമിച്ചുകൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവാണ് ഇറക്കിയത്.
തദ്ദേശഭരണ പരിഷ്കരണ കമ്മീഷൻ രൂപീകരിച്ചുകൊണ്ടു മന്ത്രിസഭയിൽ കൊണ്ടുവന്ന ടേംസ് ഓഫ് റഫറൻസിലെ പ്രസക്ത ഭാഗങ്ങൾ:
തദ്ദേശ സ്ഥാപനങ്ങളിൽനിന്നു പരമാവധി സേവനങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കാനായി ഓഫീസ് സന്ദർശിക്കാതെ ഓണ്ലൈൻ വഴി എങ്ങനെ സേവനങ്ങൾ എത്തിക്കാനാകും. ഇതര സംസ്ഥാനങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും മാർഗനിർദേശങ്ങളും പരിശോധിച്ച് സ്വീകരിക്കാവുന്ന ഗുണകരമായ കാര്യങ്ങൾ ഉൾപ്പെടുത്തുന്ന കാര്യം നിർദേശിക്കാം.
അന്തർദേശീയ തലത്തിൽ സ്വീകരിക്കാവുന്ന മാതൃകകൾ ഉണ്ടെങ്കിൽ അവ നിർദേശിക്കാം. ഡിജിറ്റൈസേഷനും മൊബൈൽ ആപ്പുകളും ഇ ഓഫീസ് സംവിധാനവും ഉൾപ്പെടെ ആധുനിക സാങ്കേതികവിദ്യ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള നടപടിക്രമങ്ങൾ, മാന്വലുകൾ, ചട്ടങ്ങൾ എന്നിവയിൽ വരുത്തേണ്ട ഭേദഗതികൾ നിർദേശിക്കുക, നിലവിലുള്ള റെഗുലേറ്ററി സംവിധാനത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ നിർദേശിക്കുക തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.