പാഞ്ഞുവന്ന മരണം; റോഡരികിൽ ഉറങ്ങിക്കിടന്നവർക്കു മുകളിലേക്ക് ലോറി ഇടിച്ചുകയറി അഞ്ചു പേർ മരിച്ചു
സ്വന്തം ലേഖകൻ
Wednesday, November 27, 2024 6:51 AM IST
തൃപ്രയാർ(തൃശൂർ): നാട്ടികയില്‍ റോഡരികിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്കു തടിലോറി പാഞ്ഞുകയറി രണ്ടു കുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. പാലക്കാട് മുതലമട മീൻകര ഡാമിനു സമീപം ചെമ്മണംതോട് കോളനിയിൽ കാളിയപ്പൻ (55), ഭാര്യ നാഗമ്മ (50), മരുമകൾ രാജേശ്വരി എന്ന ബംഗായി (22), മകൻ വിശ്വ (ഒന്ന്), കാളിയപ്പന്റെ സഹോദരി ചിത്രയുടെ മകൻ ജീവ (നാല്) എന്നിവരാണു മരിച്ചത്.
നിർമാണം പുരോഗമിക്കുന്ന ദേശീയപാത ബൈപ്പാസിനരികിൽ നാട്ടിക ജെകെ തിയേറ്ററിനു സമീപം ഇന്നലെ പുലർച്ചെ 3.50 നായിരുന്നു സംഭവം. കണ്ണൂരിൽനിന്നു മരംകയറ്റി വന്ന ലോറിയാണ് ദേശീയപാതയിൽനിന്നു ബൈപ്പാസിലേക്ക് നിയന്ത്രണംവിട്ടു പാഞ്ഞുകയറിയത്. ദേശീയപാത നിർമാണത്തിനായി ഈ ഭാഗത്ത് ദിശാബോർഡ് സ്ഥാപിച്ചിരുന്നു. ഡ്രൈവർ ദിശാബോർഡ് കാണാതെ വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്. ദേശീയപാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറുകളും തകർത്താണ് ഉറങ്ങിക്കിടന്നവർക്കിടയിലേക്കു ലോറി പാഞ്ഞുകയറിയത്.
സംഭവത്തിൽ ലോറി ഡ്രൈവർ കണ്ണൂർ ആലക്കോട് സ്വദേശി ചാമക്കാലച്ചിറ ജോസ് (54), ക്ലീനർ ഏഴിയക്കുന്നിൽ അലക്സ് (33) എന്നിവരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമായ നരഹത്യക്ക് ഇരുവർക്കുമെതിരേ കേസെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ് പെൻഡ് ചെയ്തു.
പരിക്കേറ്റവരിൽ ഒരാൾ നിലവിളിച്ച് ഓടിവരുന്നതുകണ്ട നാട്ടിക ബീച്ച് സ്വദേശി ആഘോഷാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, വലപ്പാട് എസ്എച്ച്ഒ എം.കെ. രമേഷ് എന്നിവർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. വിവിധ ആംബുലൻസുകളിൽ മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രികളിലേക്കു മാറ്റി.
മുതലമട ഭാഗത്തുനിന്ന് കഴിഞ്ഞ പത്തുവർഷത്തോളമായി തൃശൂരിലെത്തി ആക്രി സാധനങ്ങൾ ശേഖരിച്ചു വില്പന നടത്തിവന്നിരുന്നവരാണ് ദുരന്തത്തിനിരയായത്. ഇടയ്ക്കിടെ ഇവർ ചെമ്മണംതോട് കോളനിയിലെത്തി കുറച്ചുദിവസത്തിനുശേഷം വീണ്ടും തൃശൂരിലേക്ക് തിരിച്ചുവരും. ഇത്തവണ രണ്ടാഴ്ചമുന്പാണു നാട്ടിലെത്തി തൃശൂരിലേക്കു മടങ്ങിയത്.