ജയ്സി കൊലപാതകം: ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനും യുവതിയും അറസ്റ്റില്‍
Tuesday, November 26, 2024 2:51 AM IST
കൊച്ചി: കൂനംതൈയിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
പെരുമ്പാവൂര്‍ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടില്‍ ജയ്സി ഏബ്രഹാമിനെ (55) കൊലപ്പെടുത്തിയ കേസില്‍ ഇവരുടെ സുഹൃത്തുക്കളായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന് തൃക്കാക്കര മൈത്രിപുരം റോഡില്‍ 11/347 എ യില്‍ ഗിരീഷ് ബാബു(42), എറണാകുളം തൃപ്പൂണിത്തുറ എരൂര്‍ കല്ലുവിള വീട്ടില്‍ ഖദീജ എന്ന പ്രബിത (42) എന്നിവരെയാണ് ഞായറാഴ്ച കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ജെയ്സിയുടെ സുഹൃത്തായിരുന്ന ഗിരീഷ് ഇവരുടെ വീട്ടില്‍ വച്ചാണ് ഖദീജയെ പരിചയപ്പെടുന്നത്. ഇവര്‍ ക്രമേണ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുക്കുന്നതിനാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഗിരീഷ് ഒറ്റയ്ക്കാണ് കൊലപാതകം ചെയ്തത്. ഖദീജ ഗൂഢാലോചനയില്‍ പങ്കാളിയായി. കളമശേരി ഇന്‍സ്പെക്ടര്‍ എം.ബി.ലത്തീഫിന്റെ നേതൃത്വത്തില്‍ 15 അംഗ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ജെയ്സിയുടെ പക്കല്‍ നിന്ന് അപഹരിച്ച രണ്ട് സ്വര്‍ണ വളകളും രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഖദീജയുടെ വീട്ടില്‍ വച്ച് പദ്ധതി തയാറാക്കി ഏകദേശം രണ്ടു മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഗിരീഷ് കൊല നടത്തിയതെന്നു സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദത്യ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അര ലക്ഷത്തിലധികം രൂപ ഗിരീഷ്കുമാറിന് ശമ്പളം ലഭിച്ചിരുന്നെങ്കിലും ലോണ്‍ ആപ്, ക്രെഡിറ്റ് കാര്‍ഡ് വഴി വലിയൊരു തുകയുടെ സാമ്പത്തിക ബാധ്യത ഇയാള്‍ക്കുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ജെയ്സിയുടെ പക്കല്‍ നല്ല സാമ്പത്തികം ഉണ്ടാകുമെന്നായിരുന്നു ഇയാളുടെ ധാരണ.
കൊലയ്ക്ക് മുന്നോടിയായി ഗിരീഷ് ബാബു രണ്ടുവട്ടം ട്രയല്‍ നടത്തി ജെയ്സിയുടെ ഫ്ളാറ്റിനു സമീപം വരെ വന്നുപോയി. എംസിഎ ബിരുദധാരിയായ ഇയാള്‍ സിസിടിവി ഇല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച് നല്ല പ്ലാനിംഗ് നടത്തിയാണ് കൃത്യം നടപ്പാക്കിയത്.
17 ന് രാവിലെ സഹോദരന്റെ ബൈക്കില്‍ കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിന് സമീപമുള്ള വീട്ടില്‍ നിന്നും ഗിരീഷ് ബാബു പല വഴികളിലൂടെ സഞ്ചരിച്ച് ഉണിച്ചിറ പൈപ്പ് ലെയിന്‍ റോഡിലെത്തി. അവിടെ നിന്ന് രണ്ട് ഓട്ടോറിക്ഷകള്‍ മാറി കയറിയാണ് ജെയ്സിയുടെ ഫ്ളാറ്റിലെത്തിയത്.