ജനറൽ ആശുപത്രിയിൽ കരൾപിളരും കാഴ്ചകൾ
Wednesday, November 27, 2024 6:51 AM IST
തൃശൂർ: ഉണരാത്ത ഉറക്കത്തിലേക്കു പോയവരെ കണ്ട് വാവിട്ടുകരഞ്ഞ് ഉറ്റവർ. തൃശൂർ ജനറൽ ആശുപത്രി മോർച്ചറിക്കു മുന്നിലെ വരാന്തയിൽ പരസ്പരം കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്നവർ. നാട്ടിക അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ട് വാവിട്ട് അലറിനിലവിളിക്കുന്നവരുടെ കാഴ്ചകൾ കരൾ പിളർക്കുന്നതായിരുന്നു.
ഒരു പകൽ മുഴുവൻ അലഞ്ഞുതിരിഞ്ഞു രാത്രിയിൽ അന്തിയുറങ്ങാനായി വഴിയരികിൽ രണ്ടുഭാഗത്തായി കിടക്കുമ്പോൾ ഒരുമിച്ചുണ്ടായിരുന്ന പലരും ഇന്നില്ല, ഇനി ഇല്ല എന്നോർത്ത് അവർ പൊട്ടിക്കരഞ്ഞു. ജ്യേഷ്ഠന്റെ കരച്ചിൽകേട്ട് എഴുന്നേൽക്കുമ്പോൾ കണ്ട കാഴ്ച ആരൊക്കെയോ ചതഞ്ഞരഞ്ഞു കിടക്കുന്നതായിരുന്നുവെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ യുവാവിനെ ആശ്വസിപ്പിക്കാനാവാതെ ഉറ്റവർ വിതുമ്പി. പലരും സമനില തെറ്റിയവരെപ്പോലെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.
ജനറൽ ആശുപത്രി മോർച്ചറിക്കുമുന്നിൽ അപകടത്തിൽനിന്നു രക്ഷപ്പെട്ടവരെ ചേർത്തുപിടിച്ച് പ്രായമായ ആ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു: ഇനി റോഡിൽ തൂങ്ക വേണ്ട, വേറെ യെങ്കെയാവതു പടുക്കലാം..
ആക്രി പെറുക്കിവിറ്റും ചില്ലറജോലികൾ ചെയ്തും സ്ഥിരമായി റോഡരികിൽ അന്തിയുറങ്ങുന്ന ഇവർക്ക് ഇനി വഴിയോരങ്ങൾ പേടിപ്പെടുത്തുന്ന ഓർമകളാണ്. അതുകൊണ്ടാണ് ആ അമ്മ പറഞ്ഞത് ഇനി വഴിയരികിൽ കിടന്നുറങ്ങേണ്ട എന്ന്, വേറെ എവിടെയെങ്കിലും പോയി കിടക്കാമെന്ന്...
നാട്ടികയിൽ ഡിവൈഡറുകളും ബാരിക്കേഡുകളും നിരത്തി കയറുകൾ വലിച്ചുകെട്ടിയതിന് അപ്പുറത്ത് സുരക്ഷിതമായി രാത്രി കഴിച്ചുകൂട്ടാം എന്ന പ്രതീക്ഷയോടെ ഉറങ്ങാൻ കിടന്നവർക്കുമേലാണ് ദുരന്തം ഭ്രാന്തുപിടിച്ച ഒരു ലോറിയുടെ രൂപത്തിൽ കടന്നുവന്നത്.