ഉപതെരഞ്ഞെടുപ്പ് പരാജയം : ബിജെപി ജില്ലാ പ്രസിഡന്റുമാരോട് റിപ്പോർട്ട് തേടി സംസ്ഥാന നേതൃത്വം
Wednesday, November 27, 2024 6:50 AM IST
കൊച്ചി: ഉപതെരഞ്ഞെടുപ്പിലെ പരാജയകാരണം പഠിക്കാന്‍ ബിജെപി. ഉപതെരഞ്ഞെടുപ്പുകള്‍ നടന്ന പാലക്കാട്, തൃശൂര്‍, വയനാട് എന്നിവിടങ്ങളിലെ ജില്ലാ പ്രസിഡന്റുമാര്‍ പരാജയകാരണവും മണ്ഡലങ്ങളിലെ സാഹചര്യവും പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നിര്‍ദേശം നല്കി.
അടുത്ത മാസം പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മതിയെന്നും കൊച്ചിയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ സുരേന്ദ്രന് പറഞ്ഞു.
അതേസമയം, പാലക്കാട്ടെ തോല്‍വിക്കുശേഷം നടന്ന ബിജെപിയുടെ ആദ്യ സംഘടനായോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ പി.കെ. കൃഷ്ണദാസും എം.ടി. രമേശും എ.എന്‍. രാധാകൃഷ്ണനും പങ്കെടുത്തില്ല. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം കൃഷ്ണദാസ് പക്ഷം ഉന്നയിച്ച പശ്ചാത്തലത്തിലാണു പ്രധാന നേതാക്കള്‍ വിട്ടുനിന്നത്. എന്നാൽ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭ സുരേന്ദ്രന് യോഗത്തിനെത്തി.
യോഗത്തില്‍ 14 പേര് വന്നില്ലെന്നും എല്ലാ യോഗത്തിലും നൂറു ശതമാനം ആളുകള്‍ എത്താറില്ലെന്നുമായിരുന്നു കെ.സുരേന്ദ്രന് ഇതിനെക്കുറിച്ച് പ്രതികരിച്ചത്. എം.ടി. രമേശിനും കൃഷ്ണദാസിനും എ.എന്‍. രാധാകൃഷ്ണനും ഒരു ഗ്രൂപ്പുമില്ല. അവര്‍ക്ക് ബിജെപി എന്ന ഗ്രൂപ്പ് മാത്രമേയുള്ളൂവെന്നും സുരേന്ദ്രന് പറഞ്ഞു.