3.39 കോടി രൂപ സ്വാഹ!
സി.എസ്. ദീപു
Wednesday, November 27, 2024 6:51 AM IST
തൃശൂർ: ഓണ്‍ലൈൻ തട്ടിപ്പുകൾക്കെതിരേ നിരന്തര മുന്നറിയിപ്പു നൽകുന്പോഴും ഇരകളാകുന്നവരുടെ എണ്ണത്തിൽ കുറവില്ല. വെർച്വൽ അറസ്റ്റ്, ബിറ്റ്കോയിൻ ട്രേഡിംഗ്, ഓഹരിവ്യാപാരം, പാർട്ട് ടൈം ജോലി, വിവിധ ടാസ്കുകൾ പൂർത്തിയാക്കൽ എന്നിങ്ങനെ പതിവുതട്ടിപ്പുകളിലൂടെ കഴിഞ്ഞ നാലാഴ്ചയ്ക്കിടെ പ്രായഭേദെമന്യേ വൈദികനടക്കം ഒന്‍പതുപേർക്കു നഷ്ടമായതു 3.39 കോടി.
തൃശൂർ സിറ്റി, റൂറൽ പോലീസ് പരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ നഷ്ടക്കണക്കുകളാണു പുറത്തുവന്നത്. പ്രമുഖ ബിസിനസ് പത്രത്തിലെ പരസ്യംകണ്ട് ഓഹരിവ്യാപാരത്തിന് ഇറങ്ങിയവരും തട്ടിപ്പുകാരുടെ ഇരയായി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ടെലഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് വിവിധ ടാസ്കുകൾ പൂർത്തിയാക്കിയാൽ മികച്ച വരുമാനം നൽകാമെന്നുപറഞ്ഞ് ദേശമംഗലം സ്വദേശിനിയായ അന്പത്തേഴുകാരിയിൽനിന്ന് 13,57,012 രൂപയാണ് തട്ടിയെടുത്തത്. ഇൻഫോസിസ് കന്പനിയുടമ നാരായണ്‍ മൂർത്തിയുടെ ആൽഗോ ട്രേഡിംഗ് പ്ലാറ്റ്ഫോംവഴി ബിറ്റ്കോയിൻ ട്രേഡിംഗിനു പണം ഇൻവെസ്റ്റ് ചെയ്തു ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വൈദികന്റെ പക്കൽനിന്ന് 72,13,900 രൂപയും പ്രമുഖ ഇംഗ്ലീഷ് ബിസിനസ് ദിനപത്രത്തിലെ പരസ്യംകണ്ട് ആകൃഷ്ടനായ കാറളം സ്വദേശിയായ അറുപതുകാരനെ ബിഐ ഗോൾഡ് സ്റ്റോക്ക് ഇൻവെസ്റ്റർ ഗ്രൂപ്പിൽ ചേർത്ത് 1,34,50,000 രൂപയും തട്ടിയെടുത്തു.
വിവിധ ടാസ്കുകൾ പൂർത്തിയാക്കിയും ഓഹരിവിപണിയിൽ വൻലാഭം വാഗ്ദാനംചെയ്തും നെല്ലുവായ് സദേശിയായ അന്പതുകാരന്റെ 11,83,000 രൂപയും പാടൂക്കാട് സ്വദേശിനിയായ യുവതിയുടെ 33,87,578 രൂപയും കുറ്റുമുക്ക് സ്വദേശിയായ യുവാവിന്റെ ഒരുലക്ഷം രൂപയും പുന്നംപറന്പ് സ്വദേശിയായ അന്പത്തൊന്നുകാരന്റെ 49,30,300 രൂപയും വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകളിലൂടെ ഉത്തർപ്രദേശിലുള്ള കന്പനിയിൽ പാർട്ട് ടൈം ജോലി വാഗ്ദാനംചെയ്ത് ഒല്ലൂക്കര സ്വദേശിനിയായ യുവതിയുടെ 12,27,860 രൂപയും തട്ടിയെടുത്തു.
വെർച്വൽ അറസ്റ്റിനെതിരേ വ്യാപക മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് മുംബൈ ക്രൈം പോലീസ് എന്ന വ്യാജേന അയ്യന്തോൾ സ്വദേശിയായ അന്പത്തൊന്നുകാരന്റെ 10,59,338 ലക്ഷം രൂപ തട്ടിപ്പുകാർ കൈക്കലാക്കിയത്. ഗൂഗിൾ എസ്ഇഒ വെബ്സൈറ്റ് വഴി തരുന്ന ഉത്പന്നങ്ങളുടെ വിശദമായ റിവ്യൂ വരുന്നതു സമർപ്പിച്ചാൽ 66 ശതമാനം ലാഭം നൽകാമെന്നുപറഞ്ഞ് ഓട്ടുപാറ സ്വദേശിയായ യുവാവിന്റെയും പണം തട്ടിയെടുത്തു. തുകയെത്രയെന്നു പോലീസ് വ്യക്തമാക്കിയിട്ടില്ല.