കർഷകരെയും ന്യൂനപക്ഷങ്ങളെയും തമ്മിലടിപ്പിക്കാൻ ശ്രമം: മാർ ജോസഫ് പാംപ്ലാനി
Tuesday, November 26, 2024 2:51 AM IST
ആലക്കോട് (കണ്ണൂർ): കർഷകരെയും ന്യൂനപക്ഷങ്ങളെയും തമ്മിലടിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണു നടക്കുന്നതെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. മുസ്ലിം സമുദായത്തിന്റെ പേരുപറഞ്ഞ് പാവപ്പെട്ടവരെ ദ്രോഹിക്കാനാണു ശ്രമം.
വഖഫ് വിഷയത്തിന്റെ പേരിൽ ഒരു കമ്മീഷന്റെ ആവശ്യമില്ല. സർക്കാരിന്റെ ശക്തമായ നിലപാടുകളാണ് ആവശ്യമെന്നും ആർച്ച്ബിഷപ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മലയോര കർഷകജനതയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് ആലക്കോട് മേഖലയുടെ നേതൃത്വത്തിൽ നടത്തിയ കർഷകറാലിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
മലയോരമക്കളുടെ ഒരാളുടെയെങ്കിലും ജീവൻ അവശേഷിക്കുന്നിടത്തോളം കാലം ഒരു കർഷകന്റെയും ഒരു സെന്റ് ഭൂമിയെങ്കിലും എടുക്കാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അവർ മൂഢ സ്വർഗത്തിലാണ്. കർഷകർക്ക് ജപ്തി നോട്ടീസ് നൽകുന്ന കേരളബാങ്ക് തങ്ങളുടെ കീഴിലുള്ള സഹകരണ സംഘങ്ങളാണ് നാനൂറും അറുനൂറും കോടി അടിച്ചുമാറ്റിയതെന്ന് ഓർക്കണം.
കർഷകരുടെ നികുതിപ്പണംകൊണ്ടു ജനസേവനം ചെയ്യാൻ നിയോഗിച്ചവരാണ് ഉദ്യോഗസ്ഥർ. ജപ്തി കാണിച്ച് ഒരു കർഷകനെയും ഭയപ്പെടുത്താമെന്നു വിചാരിക്കേണ്ട. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആത്മാർഥതയുണ്ടെങ്കിൽ റബറിന് 300 രൂപ തറവില നിശ്ചയിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.