ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്നതിലേക്ക് മാധ്യമപ്രവർത്തനം മാറി: വി.ഡി. സതീശൻ
Monday, November 25, 2024 3:49 AM IST
തൃശൂർ: ഇല്ലാത്ത വാർത്തകൾ സൃഷ്ടിച്ചെടുക്കുന്ന നിലയിലേക്കു മാധ്യമ പ്രവർത്തനം മാറിയിരിക്കുന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സീനിയർ ജേര്‍ണലിസ്റ്റ്സ് ഫോറം കേരള പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കേരള സാഹിത്യ അക്കാദമി ഹാളിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾ എന്ന പദവി ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളെല്ലാം ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്. തന്റെ ഫോണ്‍പോലും ടാപ്പ് ചെയ്യപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ പത്രപ്രവർത്തക പെൻഷൻ വർധിപ്പിക്കുമെന്നു പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് എ. മാധവൻ അധ്യക്ഷനായി. ടി.ജെ. സനീഷ്കുമാർ ജോസഫ് എംഎൽഎ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ എന്നിവർ പ്രസംഗിച്ചു. കെ.സി. നാരായണനെ ആദരിച്ചു. സമാപനസമ്മേളനം മുൻ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. സുനിൽ സുഖദ പ്രസംഗിച്ചു. വിവരാവകാശ കമ്മീഷണർ ടി.കെ. രാമകൃഷ്ണൻ, ആർ.കെ. ദാമോദരൻ, കെടിഡിസി ഡയറക്ടർ ബാബു ഗോപിനാഥ് എന്നിവരെ ആദരിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകരായ നാലു ഗ്രന്ഥകാരന്മാരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ. പി.വി. കൃഷ്ണൻ നായർ പ്രകാശനം നിർവഹിച്ചു. എണ്പതു വയസു കടന്ന മാധ്യമ പ്രവർത്തകരെ ടി.എൻ. പ്രതാപൻ ആദരിച്ചു. ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, ട്രഷറർ സി. അബ്ദുറഹ്മാൻ, എം.എസ്. സന്പൂർണ, ഫോറം ഭാരവാഹികളായ ഹക്കിം നട്ടാശേരി, ഹരിദാസൻ പാലയിൽ, കെ. കൃഷ്ണകുമാർ, വി. സുരേന്ദ്രൻ, നടുവട്ടം സത്യശീലൻ, സണ്ണി ജോസഫ്, ആർ.എം. ദത്തൻ, സുമം മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
കുറഞ്ഞ പ്രോവിഡന്റ് ഫണ്ട് പെൻഷൻ 7,500 രൂപയായി വർധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പെൻഷനിൽ ഡിഎ കൂടി ഉൾപ്പെടുത്തണം. മാധ്യമപ്രവർത്തകർക്കു കേന്ദ്ര സർക്കാർ പെൻഷൻ ഏർപ്പെടുത്തണം. മുതിർന്ന പൗരൻമാർക്കുണ്ടായിരുന്ന റെയിൽവേ യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണം. സംസ്ഥാന പത്രപ്രവർത്തക പെൻഷൻ 15,000 രൂപയായി ഉയർത്തണമെന്നും പെൻഷൻ സ്റ്റാറ്റ്യൂട്ടറിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.