എട്ടു ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Tuesday, November 26, 2024 2:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തുപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപം പ്രാപിച്ച ന്യൂനമർദം കൂടുതൽ ശക്തമായതോടെയാണ് സംസ്ഥാനത്ത് പല ജില്ലകളിലും മഴ പ്രവചിച്ചിട്ടുള്ളത്.
ബുധനാഴ്ച്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച്ച ഇടുക്കി , പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെ ന്യൂനമർദം തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലാണ് തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചത്.
അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രന്യൂനമർദമായി ശക്തി പ്രാപിച്ച് തുടന്നുള്ള രണ്ടു ദിവസത്തിൽ തമിഴ്നാട്-ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യത. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വെള്ളിയാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് ഇന്നു മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.