ആദ്യം സംശയിച്ചു, പിന്നെ നാടൊന്നാകെ എത്തി
Wednesday, November 27, 2024 6:51 AM IST
തൃശൂർ: പുലർച്ചെ വാതിലിൽ മുട്ടിയതും കോളിംഗ് ബെൽ അടിച്ചതും മോഷ്ടാക്കൾ ആണെന്ന ധാരണയിൽ ആദ്യം പുറത്തിറങ്ങാതിരുന്ന നാട്ടുകാർ തങ്ങളുടെ നാട്ടിൽ ഉണ്ടായ വലിയ അപകടം അറിഞ്ഞ ഉടൻ കൂട്ടത്തോടെ സഹായഹസ്തങ്ങളുമായി അപകടസ്ഥലത്തേക്ക് ഓടിയെത്തി. എന്നാൽ, ദാരുണമായ കാഴ്ചകൾ കണ്ട് എന്തുചെയ്യണം എന്നറിയാതെ പകച്ചുനിൽക്കേണ്ടിവന്നു ഇവർക്ക്.
അപകടമറിഞ്ഞ് ആദ്യം ഓടിയെത്തിയ നാട്ടുകാരും ആംബുലന്‍സ് ജീവനക്കാരും ദയനീയ രംഗംകണ്ട് നടുങ്ങി. പല കഷണങ്ങളായി ശരീരാവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആക്ട്സ് നമ്പറിലേക്കു വിളിച്ചു.
ദേശീയപാതയുടെ വിവിധയിടങ്ങളിൽ ക്യാമ്പ് ചെയ്തിരുന്ന 12 ആംബുലൻസുകൾ നിമിഷനേരം കൊണ്ട് അപകടസ്ഥലത്തേക്കു പാഞ്ഞെത്തി. പിന്നീട് ആംബുലൻസിലെ പ്രവർത്തകർ അടക്കമുള്ളവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗണേഷ്കുമാർ
തിരുവനന്തപുരം: അഞ്ചുപേരുടെ മരണത്തിനിടയാക്കിയ നാട്ടിക അപകടത്തിൽ കർശനനടപടിയുമായി ഗതാഗത വകുപ്പ്. ലോറിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തെന്നും ലോറി ഉടമയ്ക്കു നോട്ടീസ് നൽകുമെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. റോഡിൽ രാത്രിപരിശോധന കർശനമാക്കും. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ചുതീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ലോറി ഓടിച്ചതു മദ്യപിച്ച ക്ലീനറെന്നു സംശയം
തൃശൂർ: നാട്ടിക അപകടത്തിൽ ലോറി ഡ്രൈവർക്കും ക്ലീനർക്കും എതിരേ മനഃപൂർവമായ നരഹത്യക്കു കേസ്. ക്ലീനറാണു ലോറിയോടിച്ചതെന്നും അപകടത്തിനുശേഷം മണിക്കൂറുകളോളം ഇരുവരും മദ്യലഹരിയിലായിരുന്നെന്നും സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. മാഹിയിൽനിന്നാണു മദ്യം വാങ്ങിയത്. മദ്യപിച്ചെന്നു വൈദ്യപരിശോധനയിലും തെളിഞ്ഞു.
കണ്ണൂരിൽനിന്നു ലോറിയുമായി പുറപ്പെട്ടപ്പോൾത്തന്നെ മദ്യപിച്ചിരുന്നെന്ന് ഇരുവരും പോലീസിനു മൊഴിനൽകി. ക്ലീനർ കണ്ണൂർ സ്വദേശി അലക്സിനു ലൈസൻസ് ഇല്ല. പൊന്നാനിയിൽവച്ചാണു അലക്സിനു ഡ്രൈവർ ജോസ് വണ്ടി കൈമാറിയത്.
ഡിവൈഡറും ബാരിക്കേഡും കാണാതെ അന്‍പതുമീറ്ററോളം മുന്നോട്ടുവന്നശേഷമാണ് ഉറങ്ങിക്കിടന്നവരിലേക്ക് ഇടിച്ചുകയറിയത്. വാഹനം മുന്പോട്ടെടുത്തു രക്ഷപ്പെടാൻ ശ്രമിച്ചെന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു പറഞ്ഞു.
പൊതുസ്ഥലത്ത് അന്തിയുറങ്ങുന്ന നാടോടികളുടെ വിവരം ശേഖരിക്കും. അപകടത്തിൽപെട്ട സംഘത്തോടു മാറിത്താമസിക്കാൻ പോലീസ് നേരത്തേ ആവശ്യപ്പെട്ടിരുന്നെന്നും സൂചനയുണ്ട്. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
രക്ഷപ്പെടാൻ ശ്രമിച്ച ലോറിക്കാരെ പിടികൂടിയതു യുവാക്കൾ
തൃശൂർ: റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തു ലോറി കയറിയശേഷം ലോറിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെയും ക്ലീനറെയും പിടികൂടിയതു സർവീസ് റോഡിൽ ഉണ്ടായിരുന്ന യുവാക്കൾ.
ഈ യുവാക്കൾ ഡ്രൈവറെയും ക്ലീനറെയും പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിടികൂടുമ്പോൾ ഇരുവരും മദ്യലഹരിയിലായിരുന്നു എന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്. മദ്യപിച്ചു ലക്കുകെട്ട ഇരുവരും എഴുന്നേറ്റു നിൽക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്നു ദൃശ്യങ്ങളിൽ കാണാം.
അപകടം നടന്ന സമയത്തു ലോറി ഓടിച്ചിരുന്ന ക്ലീനർ അലക്സ് മുഖം പൊത്തി നിലത്തിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മദ്യപിച്ചു ബോധം നഷ്ടപ്പെട്ട ഇവരെ യുവാക്കൾ പിടിച്ചുനിർത്തുന്നതും ഇവരോടു കയർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരെ പിന്നീട് വലപ്പാട് പോലീസിനു കൈമാറുകയായിരുന്നു.
കുറ്റക്കാരെ വെറുതേ വിടില്ല: മന്ത്രി രാജൻ
തൃശൂർ: ഉറങ്ങിക്കിടന്നവരുടെ മേൽ ലോറികയറി അഞ്ചു പേർ മരിച്ച സംഭവത്തിൽ കുറ്റക്കാരെ വെറുതേവിടില്ലെന്നു മന്ത്രി കെ. രാജൻ. മനഃപൂർവമായ നരഹത്യക്കാണു കേസ്. പഴുതുകളില്ലാതെ നടപടിയെടുക്കാൻ നിർദേശം നൽകി. വാഹനമോടിച്ചവരുടെ ഭാഗത്താണു തെറ്റ്.
അപകടസ്ഥലത്ത് ആളുകൾ കിടന്നുറങ്ങാനുണ്ടായ സാഹചര്യം പരിശോധിക്കും. ഇതുസംബന്ധിച്ചു റിപ്പോർട്ട് വാങ്ങും. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും സർക്കാർചെലവിൽ നടത്തും. മൃതദേഹങ്ങൾ സർക്കാർവാഹനത്തിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നു കളക്ടർക്കു നിർദേശം നൽകി. സംസ്കാരത്തിനടക്കം സഹായം നൽകാൻ പാലക്കാട് ജില്ലാ കളക്ടറോടും നിർദേശിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്ക്കു ജില്ലാ ഭരണകൂടം മേൽനോട്ടം വഹിക്കും. രണ്ടുപേരുടെ നില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.