അച്ഛൻ വാതിലുകൾ മുട്ടി; ആരും തുറന്നില്ല
സ്വന്തം ലേഖകൻ
Wednesday, November 27, 2024 6:51 AM IST
മുളങ്കുന്നത്തുകാവ്: ഉറക്കത്തിൽ ലോറി പാഞ്ഞുകയറിയ മകന്റെ ശരീരത്തിൽനിന്നു പ്രാണൻ പോയിരുന്നില്ല, അച്ഛൻ നോക്കുന്പോൾ. പക്ഷേ, കുഞ്ഞിനെ ആശുപത്രിയിലാക്കാൻ ഒരു വാഹനവുമുണ്ടായിരുന്നില്ല. ഒരുവയസും രണ്ടുമാസവുംമാത്രം പ്രായമുള്ള വിശ്വ പിടയുന്നതുകണ്ട അച്ഛൻ രമേശ് അലമുറയിട്ടു വാഹനമന്വേഷിച്ച് തൊട്ടടുത്ത വീടുകളിലേക്ക് ഓടി. കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽമുട്ടിയിട്ടും ആരും തുറന്നില്ല.
കുറുവാ സംഘാംഗങ്ങളായ കവർച്ചക്കാർ പുലർച്ചെ കോളിംഗ് ബെൽ അടിക്കുമെന്നും സൂക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പിനെത്തുടർന്നാണ് ആരും വാതിൽ തുറക്കാതിരുന്നത്. അവരാരും അപകടവിവരവും അറിഞ്ഞിരുന്നില്ല.
വാഹനങ്ങൾ കിട്ടാതെ വന്നതോടെ രമേശ് റോഡിന്റെ നടുവിൽ കയറിനിന്നു. ഇതോടെയാണു ചില വാഹനങ്ങൾ നിർത്തിയത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്റെ മൃതദേഹംകണ്ടു വിലപിക്കുന്ന അച്ഛനെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.
“ഇങ്ങോട്ടൊരു വണ്ടിയും വരില്ലെന്നു കരുതി’’
സ്വന്തം ലേഖകൻ
തൃശൂർ: റോഡിൽ ബാരിക്കേഡുകളും ഡിവൈഡറുകളുമൊക്കെ വച്ചുമറച്ചതുകൊണ്ട് ഇങ്ങോട്ട് ഒരു വണ്ടിയും വരില്ലെന്നു കരുതിയാണു തന്പടിച്ചതെന്ന് അപകടത്തിൽനിന്നു രക്ഷപ്പെട്ടവർ പറഞ്ഞു.
ആക്രി ശേഖരിക്കുന്നതിനിടെ ഗ്രൗണ്ടുകളിലോ വഴിവക്കിലോ കൂട്ടമായി കഴിയുകയാണു പതിവെന്നും ഏകാദശി പ്രമാണിച്ചു തൃപ്രയാറിലെ ഗ്രൗണ്ടിൽ പാർക്കിംഗ് ഏർപ്പെടുത്തിയതുകൊണ്ടാണ് ഹൈവേയിൽ റോഡുപണി നടക്കുന്ന സ്ഥലത്തേക്കു മാറിയതെന്നും ഇവർ പറഞ്ഞു.
വാഹനങ്ങൾ തിരിച്ചുവിടാൻ സ്ഥാപിച്ച ദിശാബോർഡും തെങ്ങിൻതടികളും കോണ്ക്രീറ്റ് ബാരിക്കേഡുകളും തകർത്താണു ലോറി പാഞ്ഞുകയറിയത്.