ഷിരൂര്‍ ദുരന്തം: കര്‍ണാടകയെ വിമര്‍ശിച്ച അസി. കമൻഡാന്റിനെതിരേ അന്വേഷണം
ബിനു ജോര്‍ജ്
Monday, November 25, 2024 4:08 AM IST
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ഒരു മലയാളം ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ച കെഎപി മൂന്നാം ബറ്റാലിയന് അസിസ്റ്റന്റ് കമൻഡാന്റ് സ്റ്റാര്‍മോന്‍ ആര്. പിള്ളയ്ക്കെതിരേ നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്.
മേലധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് പെരുമാറ്റച്ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു ചുമതലയും അസിസ്റ്റന്റ് കമൻഡാന്റിനു സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നിരിക്കേ കര്‍ണാടക സര്‍ക്കാരിന്റെ രക്ഷാദൗത്യത്തെ വിമര്‍ശിച്ചത് വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടിക്ക് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിനു ശിപാര്‍ശ നല്കി.
ഇതുപ്രകാരം സ്റ്റാര്‍മോന്‍ ആര്. പിള്ളയ്ക്കെതിരേ കൂടുതല്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്കി. ഇക്കഴിഞ്ഞ ജൂലൈ 20ന് രാത്രിയിലെ ചര്‍ച്ചയിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥനായ സ്റ്റാര്‍മോന്‍ ആര്. പിള്ള പങ്കെടുത്തത്. ഷിരൂര്‍ ദുരന്തത്തില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ അര്ജുന് അടക്കം നിരവധി പേര് മണ്ണിനടിയില്‍പെട്ടിരുന്നു.
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം അസിസ്റ്റന്റ് കമൻഡാന്റ് ആംഡ് പോലീസ് ബറ്റാലിയന് എഡിജിപിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. വീഴ്ച മറയ്ക്കുന്നതിനായി നടത്തിയ ഈ ശ്രമം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും പോലീസ് മേധാവി നല്കിയ റിപ്പോര്‍ട്ടിലുണ്ട്.
ഡിഐജിയില്നിന്നു മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ആംഡ് പോലീസ് ബറ്റാലിയന് കണ്ട്രോള് റൂമിന്റെ ഔദ്യോഗിക നമ്പറില്‍ സ്റ്റാര്മോര് ആര്. പിള്ള വാട്സാപ് സന്ദേശം അയച്ചിരുന്നു. അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ആംഡ് പോലീസ് ബറ്റാലിയന് ഡ്യൂട്ടി ഓഫീസര്‍ സ്റ്റാര്‍മോന്‍ ആര്. പിള്ളയോട് ബറ്റാലിയന് എഡിജിപിയുടെ അനുമതി തേടാനാണ് നിര്‍ദേശിച്ചത്.
സ്വന്തം വസതിയില്‍ നിന്നാണ് അദേഹം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍, അന്ന് ക്യാമ്പില്‍നിന്നു പുറത്തുപോകുന്നതിനുവേണ്ടി സ്റ്റാര്മോർ ആര്. പിള്ള യൂണിറ്റ് മേധാവിയില്‍നിന്ന് അനുമതി തേടിയിട്ടില്ലെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്റ്റാര്‍മോന്‍ ആര്. പിള്ള ദുരന്തമുഖം സന്ദര്‍ശിക്കാതെയാണ് ഈ വിഷയത്തില്‍ രക്ഷാദൗത്യത്തെ വിമര്‍ശിച്ചതെന്നും സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയും ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും കുറിച്ച് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായപ്രകടനം നടത്താന്‍ പാടില്ലെന്നാണ് 1960ലെ കേരള ഗവ. സെര്‍വന്റസ് കോണ്ടക്ട് റൂള്‍സ് 62: 63 ചട്ടങ്ങള്‍ അനുശാസിക്കുന്നത്. സേനാംഗങ്ങളുടെ അഭിപ്രായപ്രകടനം സംബന്ധിച്ചു 2018 സെപ്റ്റംബര്‍ 24ന് സംസ്ഥാന പോലീസ് മേധാവി ഇറക്കിയ ഉത്തരവിനു വിരുദ്ധവുമാണ് അസിസ്റ്റന്റ് കമൻഡാ ന്റിന്റെ നടപടി.