റോഡിനു കുറുകെ കെട്ടിയ വടത്തില്‍ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു
Monday, November 25, 2024 4:08 AM IST
തിരുവല്ല: തണല്‍മരം മുറിക്കാന്‍ റോഡിനു കുറുകെ കെട്ടിയ വടത്തില്‍ കഴുത്തു കുരുങ്ങി കുടുംബത്തോടൊപ്പം ബൈക്കില്‍ യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. തകഴി കുന്നുമ്മല്‍ കുറുപ്പന്ചേരിച്ചിറയില് കെ.എസ്. സിയാദാണ് (32) മരിച്ചത്. ഒപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഇയാളുടെ ഭാര്യ സീനമോള്, മക്കളായ സീഹാന്‍, നൂര്സിസ എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് മുത്തൂര്‍ - കുറ്റപ്പുഴ റോഡില്‍ മുത്തൂര്‍ എന്‍എസ്എസ് സ്കൂളിനു സമീപമായിരുന്നു അപകടം.
വഴിയോരത്തെതണല് മരം മുറിക്കാൻ മരത്തില്‍നിന്നു റോഡിന്റെ എതിര്‍വശത്തേക്ക് താഴ്ത്തിക്കെട്ടിയ വടത്തില്‍ സിയാദും കുടുംബവും യാത്ര ചെയ്തിരുന്ന ബൈക്ക് കുരുങ്ങുകയായിരുന്നു. കഴുത്തില്‍ കയര്‍ കുരുങ്ങിയതിനെത്തുടര്‍ന്ന് സിയാദ് റോഡില്‍ തലയടിച്ച് വീണ് തല്‍ക്ഷണം മരിച്ചു. പരിക്കേറ്റവരെ തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരംമുറിക്കുന്നതിനു വേണ്ടിയുള്ള സുരക്ഷാ മുന്നറിയിപ്പുകള്‍ തൊഴിലാളികള്‍ സ്വീകരിച്ചിരുന്നില്ലെന്ന് തിരുവല്ല പോലീസ് പറഞ്ഞു.