അത് കുറുവാ സംഘമല്ല: കച്ചാ ബനിയൻ ഗ്യാംഗ് !
Wednesday, November 27, 2024 6:51 AM IST
കൊല്ലം: തമിഴ്നാട്ടിലെ കുപ്രസിദ്ധരായ കുറുവാ സംഘത്തിന്റെ ആക്രമണം എന്ന പേരിൽ സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുന്ന വീഡിയോയും ചിത്രങ്ങളും ആധികാരികമല്ലെന്ന് പോലീസ്. ജനങ്ങളെ ഭീതിപ്പെടുത്തുന്ന രീതിയിൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ബോധപൂർവമാണെന്ന് പോലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ഇപ്പോൾ പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയിൽ ജൂൺ ആറ് എന്ന് തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ശ്രദ്ധിക്കാതെയാണ് ആൾക്കാർ സമൂഹ മാധ്യമങ്ങളിൽ പ്രസ്തുത ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. കച്ചാ ബനിയൻ ഗ്യാംഗ് എന്ന പേരിൽ കുപ്രസിദ്ധി ആർജിച്ച ഉത്തരേന്ത്യൻ മോഷണ സംഘത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
ഇത്തരത്തിൽ ഒരു സംഭവം ആലപ്പുഴയിലോ കേരളത്തിലെ മറ്റ് ജില്ലകളിലോ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുമില്ല.മൈസൂരുവിലെ ഒരു ഗ്രാമപ്രദേശത്ത് നടന്ന മോഷണമാണെന്ന രീതിയിൽ ഈ വീഡിയോ കർണാടകയിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദ വിവരങ്ങൾ അറിയാൻ കേരള പോലീസ് കർണാടക പോലീസുമായും ബന്ധപ്പെട്ടു. ഇത്തരത്തിൽ ഒരു സംഭവം നടന്നതായി അവരും സ്ഥിരീകരിച്ചിട്ടില്ല.
സമീപകാലത്ത് ആലപ്പുഴ ജില്ലയിൽ കുറുവാ സംഘം ഉൾപ്പെട്ട മോഷണം നടന്നിരുന്നു. ഇതിൽ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളം നഗരപരിധിയിലെ കുണ്ടന്നൂർ പാലത്തിന് താഴെ തമ്പടിച്ചിരുന്ന സംഘത്തെ അവിടത്തെ സിറ്റി പോലീസ് ഇടപെട്ട് ഒഴിപ്പിച്ചിരുന്നു. ഇതിനു ശേഷം കേരളത്തിൽ ഒരിടത്തും കുറുവാ സംഘത്തിന്റെ മോഷണം നടന്നിട്ടില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനിടയിലാണ് പൊതു സമൂഹത്തിൽ ആശങ്ക ജനിപ്പിക്കുന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ അരങ്ങേറുന്നത്.ഇത്തരം ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിന് മുമ്പ് അതിന്റെ യാഥാർഥ്യവും ആധികാരികതയും ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണമെന്നാണ് പോലീസിന്റെ അറിയിപ്പ്.
കച്ചാ ബനിയൻ ഗ്യാംഗ് മുംബൈയിൽ ഇപ്പോഴും സജീവം
കച്ചാ ബനിയൻ ഗ്യാംഗ് എന്നത് പ്രധാനമായും മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോലോക സംഘമാണ്. അവിടുത്തെ നഗര പ്രദേശങ്ങളിലും ചേരികളിലും ഇവർ സജീവമാണ്. മറ്റ് സംസ്ഥാനങ്ങളിലും എത്തി ഇവർ അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്.
സംഘമായി എത്തി മോഷണം നടത്തുന്നതിന് പുറമേ ആയുധ കടത്തിലും മയക്കുമരുന്ന് കടത്തിലും ഇവർ ഏർപ്പെട്ടിരിക്കുന്നു. അതിർത്തി രാജ്യങ്ങളിൽ നിന്നാണ് ഇവർക്ക് ആയുധവും മയക്കുമരുന്നും ലഭ്യമാകുന്നത്. ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ച നിരവധി പേർ സംഘത്തിലുണ്ട്. ഈ സംഘത്തിനെതിരേ പല തവണ മുംബൈ പോലീസ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇവരെ പൂർണമായും തുടച്ചു നീക്കാൻ അവിടത്തെ പോലീസിന് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ ഇടപെടലുകളും പിന്തുണയും തന്നെയാണ് ഇതിന് തടസമായി നിൽക്കുന്നത്.